എല്ലാം പൂട്ടിയിട്ട് വൈറസിനെ പ്രതിരോധിക്കാനാവില്ല; കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് കെകെ ശൈലജ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 12:12 PM |
Last Updated: 21st February 2021 12:12 PM | A+A A- |

ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയല്‍ ചിത്രം
തിരുവനന്തപുരം: കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്.ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാനായത് നമ്മുടെ നേട്ടമാണ്. ഈ സമയത്ത് നൂറ് കണക്കിന് ആശുപത്രികള്‍ സജ്ജമാക്കി ഐസിയു, വെന്റിലേറ്ററുകള്‍ ആരംഭിച്ചു. നൂറ് കണക്കിന് കിടക്കകള്‍ക്ക് ഓക്‌സിജന്‍ സപ്ലൈ കിട്ടാനുള്ള പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം ഭാഗമായാണ് മരണനിരക്ക് കുറയ്ക്കാനായത്.
തുടക്കത്തില്‍ 0.5 ആയിരുന്നു മരണനിരക്ക്. ജൂലൈ മാസത്തില്‍ 0.7 ആയി. ഒരിക്കല്‍ പോലും മരണനിരക്ക് ഒരുശതമാനത്തില്‍ അധികമായില്ല. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും മരണനിരക്ക് ഉയര്‍ന്നിട്ടില്ല. ടെസ്റ്റുകളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞു. ദിവസവും 20,000 കേസുകള്‍ വരെ എത്തുമെന്നായിരുന്നു കരുതിയത്. എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അത് കുറയ്ക്കാനായത്.
സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുറയുമ്പോഴും കുറച്ചുകൂടി നിയന്ത്രണം തുടരണം. കോവിഡ് വ്യാപനം ഏത് സമയവും പ്രതീക്ഷിക്കണം. ഇനി കടുത്തനിയന്ത്രണങ്ങള്‍ തുടരാനാവില്ല. ജീവന്‍ സംരക്ഷിക്കന്നതോടൊപ്പം ജീവിതോപാധികളും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാം പൂട്ടിയിട്ട് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. എല്ലാം തുറന്നുകഴിഞ്ഞ സ്ഥിതിക്ക് ഓരോ വ്യക്തിയും നിയന്ത്രണം പാലിക്കുകയെന്നതാണ് പ്രതിരോധിക്കാനുള്ള മാര്‍ഗം. മാസ്‌ക് കൃത്യമായി ധരിക്കുക. സംസാരിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വീട്ടില്‍ ഇത് കൃത്യമായി പാലിച്ചാല്‍ കോവിഡ് നിയന്ത്രിക്കാനാകും. കേരത്തില്‍ 80ശതമാനത്തിലേറെ ജനങ്ങളും ഇത് പാലിച്ചതുകൊണ്ടാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും ശൈലജ പറഞ്ഞു.