കർണാടകക്കെതിരെ നിലപാട് കടുപ്പിച്ച് കേരളം; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 09:01 PM |
Last Updated: 22nd February 2021 09:01 PM | A+A A- |
പിണറായി വിജയന്‍ /ചിത്രം ഫെയസ്ബുക്ക
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏർപ്പെടുത്താൻ പാടില്ല എന്നതാണ് കേന്ദ്ര സർക്കാർ മാർഗ നിർദേശം. ആ നിർദ്ദേശത്തിന് എതിരാണ് അതിർത്തികൾ അടക്കുകയും കേരളത്തിൽ നിന്നു പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്ത നടപടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രശ്‌നം പൂർണമായി പരിഹരിക്കുന്നതിന് തുടർന്നും കർണാടക സർക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താനുള്ള തീരുമാനം.
ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിർത്തികളിൽ കണ്ടത്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി കർണാടക ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കർണാടക ഡിജിപി ഉറപ്പു നൽകിയത്.
അവശ്യ സാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കർണാടക പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. കർണാടക പൊലീസ് മേധാവി പ്രവീൺ സൂദിനെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്. കർണാടക ആരോഗ്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.