അരുണ്‍ പലതവണ സ്ഥലത്തെത്തി പരിശോധന നടത്തി ?; കുറ്റസമ്മതക്കുറിപ്പ് അന്വേഷണം വഴിതെറ്റിക്കാന്‍ ?; ഷര്‍ട്ട് ധരിക്കാതെ ഓടിയ അപരിചിതനെ തേടി പൊലീസ്

ഞായറാഴ്ച വൈകിട്ട് പവര്‍ഹൗസിനു സമീപം ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി മറയുന്നത് കണ്ടതായി ചില നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു
രേഷ്മ, സിസിടിവി ദൃശ്യം /ടെലിവിഷന്‍ ചിത്രം
രേഷ്മ, സിസിടിവി ദൃശ്യം /ടെലിവിഷന്‍ ചിത്രം

രാജകുമാരി : പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അരുണിനെ കണ്ടെത്താനാകാതെ പൊലീസ്. പ്രതി താമസിച്ച വാടകമുറിയില്‍ നിന്നും കണ്ടെടുത്ത കുറ്റസമ്മതക്കുറിപ്പ് അന്വേഷണം വഴിതെറ്റിക്കാനാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ വകവരുത്തുമെന്നും, ഇതിന് ശേഷം താനും മരിക്കുമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

ഇതില്‍ ആത്മഹത്യ ചെയ്യും എന്നത് അന്വേഷണത്തെ വഴിതെറ്റിക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലപാതകം നടന്ന സ്ഥലത്ത് പ്രതി നേരത്തെ പലതവണ എത്തിയിരുന്നതായും, പ്രദേശം സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നതായുമാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ പലതവണ ഇവിടെ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിനു മുന്‍പു തന്നെ അരുണ്‍ തന്റെ മൊബൈല്‍ ഫോണ്‍ ഒടിച്ചു കളഞ്ഞിരുന്നു. ഫോണിന്റെ ഭാഗങ്ങള്‍ പവര്‍ഹൗസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പൊലീസിനു ലഭിച്ചത്. ഇതും വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് കൃത്യം നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു.

വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് വണ്ടിത്തറയില്‍ രാജേഷ്  ജെസി ദമ്പതികളുടെ മകള്‍ രേഷ്മ (17) യുടെ  മൃതദേഹം പവര്‍ഹൗസിനു സമീപത്തെ ഈറ്റക്കാട്ടില്‍ കണ്ടെത്തിയത്. അരുണും രേഷമയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.  അരുണ്‍ പിതാവിന്റെ അര്‍ധസഹോദരനായതിനാല്‍ രേഷ്മ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

അതിനിടെ, രേഷ്മയുടെ കൊലപാതകം നടന്നതിനു ശേഷം ഞായറാഴ്ച വൈകിട്ട് പവര്‍ഹൗസിനു സമീപം ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി മറയുന്നത് കണ്ടതായി ചില നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.കൊലപാതകം നടന്ന സ്ഥലത്ത് ഞായറാഴ്ച ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുമ്പോള്‍ റോഡിനു മുകള്‍ ഭാഗത്ത് കുറ്റിക്കാട്ടില്‍ ആളനക്കം കേട്ടു.

ഒരു കിലോമീറ്റര്‍ അകലെ ചെകുത്താന്‍മുക്കിലും ഷര്‍ട്ട് ധരിക്കാത്ത അപരിചിതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവിടം വളഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com