ആഴക്കടല്‍ മത്സ്യബന്ധനം: 5000 കോടിയുടെ 'അസെന്‍ഡ്' ധാരണാപത്രവും റദ്ദാക്കി

2020 ഫെബ്രുവരി 28നാണ് 'അസെന്‍ഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള കെഎസ്‌ഐഡിസി-ഇംഎംസിസി ധാരണാപത്രവും റദ്ദാക്കി. 2020 ഫെബ്രുവരി 28നാണ് 'അസെന്‍ഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്.  ആറുമാസം കഴിഞ്ഞാല്‍ ധാരണാപത്രത്തിനു സാധുതയില്ലെന്നായിരുന്നു സര്‍ക്കാര്‍വാദം. മന്ത്രി ഇ.പി.ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

അതേസമയം, ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കമ്പനിയെക്കുറിച്ച് സര്‍ക്കാരിന് മികച്ച അഭിപ്രായമില്ല. കമ്പനിയെപറ്റി മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത് താന്‍ കണ്ടിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതുമേഖലാസ്ഥാപനം വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് മന്ത്രി പറഞ്ഞു.  

ജനുവരി 27ന് പ്രതിപക്ഷനേതാവിന്റെ ജാഥ തുടങ്ങിയ ശേഷം ഫെബ്രുവരി രണ്ടിന് ധാരണപാത്രം ഒപ്പുവച്ചതിന് എന്താണ് അര്‍ത്ഥം. അതിനാലാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിവാദത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യവും മേഴ്‌സിക്കുട്ടിയമ്മ തള്ളി. 

'എന്തിനാണ് രമേശ് ചെന്നിത്തല നിരന്തരം നുണ പറയുന്നത്. ഒരു ഗീബല്‍സാകാന്‍ തയ്യാറെടുക്കുകയാണോ എന്നെനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിര്‍ഭാഗ്യകരമാണ്. മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹതയാണ് ഉള്ളത്. ഇവരുടെ കാലത്ത് കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇപ്പോഴവര്‍ ഫഌറ്റുകളില്‍ എ.സി.വച്ച് താമസിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിനെ നന്നായി അറിയാം. പ്രതിപക്ഷം ഇരുട്ടില്‍ തപ്പുകയാണ്. അത് കേരളത്തില്‍ വിലപോവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com