ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കും ; കളമശ്ശേരിയില്‍ അഡ്വ. മുഹമ്മദ് ഷാ ? ; ലീഗില്‍ ചര്‍ച്ചകള്‍

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുഹമ്മദ് ഷായ്ക്ക് നല്ല ബന്ധവുമാണുള്ളത്
വി കെ ഇബ്രാഹിംകുഞ്ഞ്, മുഹമ്മദ് ഷാ / ഫയല്‍ ചിത്രം
വി കെ ഇബ്രാഹിംകുഞ്ഞ്, മുഹമ്മദ് ഷാ / ഫയല്‍ ചിത്രം

കൊച്ചി : എറണാകുളം ജില്ലയില്‍ മുസ്ലിം ലീഗിന്റെ ഏക സീറ്റായ കളമശ്ശേരിയില്‍ നിലവിലെ എംഎല്‍എ വി കെ ഇബ്രാഹിം കുഞ്ഞിന് വീണ്ടും അവസരം ലഭിച്ചേക്കില്ല. മണ്ഡലത്തില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് ലീഗ് നേതൃത്വം. കേരള ലോയേഴ്‌സ് ഫോറം പ്രസിഡന്റും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ മുഹമ്മദ് ഷായുടെ പേരാണ് സജീവ പരിഗണനയിലുള്ളത്.

ചാനല്‍ ചര്‍ച്ചകളിലെ അടക്കം സ്ഥിരം സാന്നിധ്യമായ മുഹമ്മദ് ഷാ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇല്ലെങ്കിലും, പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാണെന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു. കോട്ടയം എരുമേലി സ്വദേശിയാണ് മുഹമ്മദ് ഷാ. അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ സലാം ഹാജി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. മാത്രമല്ല ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുഹമ്മദ് ഷായ്ക്ക് നല്ല ബന്ധവുമാണുള്ളത്.

കോണ്‍ഗ്രസിന് നിരവധി പ്രവര്‍ത്തകരുള്ള, നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കളമശ്ശേരി. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ താല്‍പ്പര്യം കൂടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായുമായുമുള്ള മുഹമ്മദ് ഷായുടെ വ്യക്തിബന്ധം, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് പിന്തുണ വര്‍ധിപ്പിക്കുമെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു.

അഡ്വ. മുഹമ്മദ് ഷാ
അഡ്വ. മുഹമ്മദ് ഷാ

കളമശ്ശേരിയില്‍ വീണ്ടും മല്‍സരിക്കണമെന്ന് വി കെ ഇബ്രാഹിം കുഞ്ഞിന് ആഗ്രഹമുണ്ട്. ഇക്കാര്യം അദ്ദേഹം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീണ്ടും മല്‍സരിച്ചാല്‍ പാലാരിവട്ടം അഴിമതി, മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുമെന്ന് ലീഗ് നേതൃത്വം ഭയപ്പെടുന്നു.

ഇത് അഴിമതി മുക്ത സംശുദ്ധ ഭരണമെന്ന യുഡിഎഫ് മുദ്രാവാക്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് വിലയിരുത്തലുണ്ട്. മാത്രമല്ല, അഴിമതിക്കേസില്‍ കുരുങ്ങിയ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ലെന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു. താന്‍ കാന്‍സര്‍ രോഗബാധിതനാണെന്നും, ചികില്‍സയിലാണെന്നുമാണ് പാലാരിവട്ടം അഴിമതിയില്‍ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോള്‍ ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയത്.

ഇതും ഇബ്രാഹിംകുഞ്ഞിന് തിരിച്ചടിയാണ്. തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ തന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിന് സീറ്റ് നല്‍കണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ ഗഫൂര്‍. എന്നാല്‍ ഈ ആവശ്യത്തോട് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com