ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍ ; വയലാറില്‍ വന്‍ പൊലീസ് സന്നാഹം

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്
കൊല്ലപ്പെട്ട നന്ദു
കൊല്ലപ്പെട്ട നന്ദു

ആലപ്പുഴ : ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ എന്നിവരാണ് പിടിയിലായത്. കണ്ടാലറിയുന്ന 16 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ആർഎസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ  ആർഎസ്എസ് പ്രവർത്തകൻ വയലാർ കടപ്പള്ളി കെ എസ് നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് എസ്ഡിപിഐ നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു. 

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണു ഹർത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com