വി എസ് കളത്തിലില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; കാവി പടരുന്ന ചെങ്കോട്ട; മലമ്പുഴയില്‍ സിപിഎം പരിഗണിക്കുന്നത് ഇവരെ

തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി വിജയന്‍ രണ്ടാമങ്കത്തിന് ഇറങ്ങുമ്പോള്‍ ഇടതുമുന്നണിയെ പല തെരഞ്ഞെടുപ്പുകളിലും വിജയപ്പടവുകള്‍ കയറ്റിയ വി എസ് അച്യുതാനന്ദന്‍ പോരാട്ട ഭൂമിയ്ക്ക് പുറത്താണ്.
വി എസ് അച്യുതാനന്ദന്‍/ഫയല്‍ ഫോട്ടോ
വി എസ് അച്യുതാനന്ദന്‍/ഫയല്‍ ഫോട്ടോ

തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി വിജയന്‍ വീണ്ടുമിറങ്ങുമ്പോള്‍ ഇടതുമുന്നണിയെ പല തെരഞ്ഞെടുപ്പുകളിലും വിജയപ്പടവുകള്‍ കയറ്റിയ വി എസ് അച്യുതാനന്ദന്‍ പോരാട്ട ഭൂമിയ്ക്ക് പുറത്താണ്. വി എസ് അച്യുതാനന്ദന്‍ സജീവ രാഷ്ട്രീയത്തിലില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് വി എസ് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍, മാരാരിക്കുളം തോല്‍വിയ്ക്ക് ശേഷം അദ്ദേഹത്തിന് രണ്ടാം വരവ് സാധ്യമാക്കിക്കൊടുത്ത മലമ്പുഴയും ചര്‍ച്ചയില്‍ നിറയുകയാണ്. സിപിഎമ്മുകാരെ മാത്രം വിജയിപ്പിച്ചുവിട്ട ചരിത്രമുള്ള, കാവി പടര്‍ന്നുകൊണ്ടിരിക്കുന്ന ചുവന്ന കോട്ടയില്‍ മുന്‍ മുഖ്യമന്ത്രിക്ക് പകരമാര്‌
എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

വി എസിനെ കാത്ത ചെങ്കോട്ട

1996ലെ കേരളക്കരയാകെ അമ്പരന്ന മാരാരിക്കുളം തോല്‍വിയ്ക്ക് ശേഷം, 2001ല്‍ സുരക്ഷിത താവളം തേടിയ വി എസ് എത്തിയത് മലമ്പുഴയിലാണ്. എന്നാല്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തി വന്ന മലമ്പുഴയില്‍ വി എസ് ആദ്യമൊന്നു പകച്ചു. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയോട് ജയിച്ചത് കേവലം 4,703വോട്ടിന്. 2006ല്‍ സതീശനെ 20,017വോട്ടിന് മലര്‍ത്തിയടിച്ച വി എസ് തന്റെ ജനീക അടിത്തറ മലമ്പുഴയിലും കേരളത്തിലും അരക്കിട്ടുറപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രിയായി. 2011ല്‍ 77,752വോട്ടിന് വി എസ് വീണ്ടും മലമ്പുഴയുടെ പ്രിയപ്പെട്ടവനായി. 2016ല്‍ 73,299വോട്ടിനാണ് വിഎസ് മലമ്പുഴയില്‍ നിന്ന് ജയിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വി എസ്‌
 

പകരം പേരുകള്‍

സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് മണ്ഡലത്തില്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് മലമ്പുഴയില്‍  മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ചുമതലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കേന്ദ്ര നേതൃത്വം വിജയരാഘവന് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവച്ച സി കൃഷ്ണകുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസും തെളിഞ്ഞുവരുന്ന കാവിയും

കേരളത്തിന്റെ വിഐപി നിയമസഭ മണ്ഡലം എന്നാണ് മലമ്പുഴ അറിയപ്പെടുന്നത്. ഇ കെ നായനാര്‍, ടി ശിവദാസമേനോന്‍ തുടങ്ങിയ അതികായന്‍മാര്‍ക്ക് പിന്നാല വി എസും തമ്പടിച്ച പാലക്കാട്ടെ ചുമന്ന മണ്ണ്. 1967ലെ മണ്ഡല രൂപീകരണം മുതല്‍ സിപിഎം അല്ലാതെ മറ്റാരും നിലംതൊടാത്തയിടം. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തി വന്ന മലമ്പുഴയില്‍ പക്ഷേ ഇനി അത്ര എളുപ്പമായിരിക്കില്ല. കാരണം ബിജെപിയുടെ വളര്‍ച്ചയാണ്. കോണ്‍ഗ്രസിന പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ബിജെപി. 2016ലെ തെരഞ്ഞെടുപ്പില്‍ വി എസ് 73,299വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ സി കൃഷ്ണകുമാര്‍ 46,157വോട്ട് നേടി. കോണ്‍ഗ്രസിന്റെ വി എസ് ജോയി 35,333വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലടക്കം ജില്ലയില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി കളത്തിലിറങ്ങുന്നത്. ചെറുത്തു തോല്‍പ്പിക്കാന്‍ ഫയര്‍ ബ്രാന്റ് നേതാവിന് പകരംവെക്കാന്‍ പറ്റുന്ന കരുത്തുറ്റ സ്ഥാനാര്‍ത്ഥി ആരെന്ന ചിന്തയിലാണ് സിപിഎം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com