വടക്കാഞ്ചേരി വീണ്ടും ചുവപ്പിക്കാന്‍ കെ രാധാകൃഷ്ണന്‍ ?; അനില്‍ അക്കരയെ തറപറ്റിക്കാന്‍ കരുക്കള്‍ നീക്കി സിപിഎം

ഇത്തവണ ഇടതുപക്ഷത്തിന്റെ അഭിമാനപ്പോരാട്ടമാണ് വടക്കാഞ്ചേരിയിലേത്
അനില്‍ അക്കര, കെ രാധാകൃഷ്ണന്‍ / ഫയല്‍ ചിത്രം
അനില്‍ അക്കര, കെ രാധാകൃഷ്ണന്‍ / ഫയല്‍ ചിത്രം



തൃശൂര്‍ : കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഎമ്മിന് അടിതെറ്റിയത് വടക്കാഞ്ചേരിയില്‍ മാത്രമാണ്. സിപിഎമ്മിന്റെ മേരി തോമസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ അനില്‍ അക്കരെയാണ് നിയമസഭയില്‍ എത്തിയത്. 43 വോട്ടുകള്‍ക്കായിരുന്നു അനില്‍ അക്കരെയുടെ വിജയം. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ സി എന്‍ ബാലകൃഷ്ണന്റെ പിന്‍ഗാമിയായാണ് അനില്‍ അക്കര വടക്കാഞ്ചേരിയുടെ എംഎല്‍എയാകുന്നത്. 

2004 ല്‍ കെപിസിസി പ്രസിഡന്റ് പദം രാജിവെച്ച് വൈദ്യുതമന്ത്രിയായ കെ മുരളീധരനെ സിപിഎമ്മിലെ എ സി മൊയ്തീന്‍ തോല്‍പ്പിച്ചതോടെയാണ് വടക്കാഞ്ചേരി മണ്ഡലം രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മന്ത്രിപദവിയിലിരിക്കെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് തോല്‍ക്കുന്ന ആദ്യ നേതാവെന്ന റെക്കോഡും ഇതോടെ മുരളീധരനായി. 2006 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും എ സി മൊയ്തീന്‍ മണ്ഡലം നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ടി വി ചന്ദ്രമോഹനെയാണ് പരാജയപ്പെടുത്തിയത്.

ഇത്തവണ ഇടതുപക്ഷത്തിന്റെ അഭിമാനപ്പോരാട്ടമാണ് വടക്കാഞ്ചേരിയിലേത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു എന്നതിനേക്കാള്‍, ഇടതു സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വടക്കാഞ്ചേരിയെ ശ്രദ്ധേയമാക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് പാര്‍പ്പിട സമുച്ചയ പദ്ധതി അട്ടിമറിച്ചതിന് പിന്നില്‍ അനില്‍ അക്കരയാണെന്ന് സര്‍ക്കാരും സിപിഎമ്മും വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ അനില്‍ അക്കരയെ തറപറ്റിച്ച് വടക്കാഞ്ചേരി പിടിക്കുക എന്നത് അഭിമാനപ്രശ്‌നമായി തന്നെ സിപിഎം കാണുന്നു. 

കെ രാധാകൃഷ്ണന്‍ വിഎസിനൊപ്പം/ ഫയല്‍ ചിത്രം
കെ രാധാകൃഷ്ണന്‍ വിഎസിനൊപ്പം/ ഫയല്‍ ചിത്രം

തിരിച്ചുപിടിക്കാന്‍ കെ രാധാകൃഷ്ണന്‍ ?

കേന്ദ്രക്കമ്മിറ്റി അംഗവും മുന്‍മന്ത്രിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെ മല്‍സരിപ്പിച്ച് വടക്കാഞ്ചേരി തിരികെ പിടിക്കാന്‍ സിപിഎമ്മില്‍ ആലോചനയുള്ളതായി സൂചനയുണ്ട്. ക്ലീന്‍ ഇമേജും മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതും മാത്രമല്ല, എല്ലാവര്‍ക്കും സമ്മതനായ വ്യക്തിത്വവുമാണ് രാധാകൃഷ്ണന്‍ എന്നതാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്ന സവിശേഷത. സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കവെ, എല്ലാ വിഭാ​ഗങ്ങളുമായുള്ള അടുപ്പവും തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് ​ഗുണം ചെയ്യുമെന്ന് സിപിഎം വിലയിരുത്തുന്നു.

കെ രാധാകൃഷ്ണന്‍ പിണറായി വിജയനൊപ്പം / ഫയല്‍ ചിത്രം
കെ രാധാകൃഷ്ണന്‍ പിണറായി വിജയനൊപ്പം / ഫയല്‍ ചിത്രം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ രാധാകൃഷ്ണനെ ജനറല്‍ സീറ്റില്‍ നിര്‍ത്തി മല്‍സരിപ്പിച്ചതിന്റെ ക്രെഡിറ്റും അവകാശപ്പെടാം. ഇത്തവണ മന്ത്രി എ കെ ബാലന്‍ മല്‍സരരംഗത്തു നിന്നും ഒഴിഞ്ഞു നിന്നാല്‍, വിജയിച്ചാല്‍ രാധാകൃഷ്ണന്‍ വീണ്ടും മന്ത്രിയാകാനും സാധ്യതയേറെയാണ്. ജില്ലാ നേതാവ് സേവ്യര്‍ ചിറ്റിലപ്പള്ളിയെയും പരിഗണിക്കുന്നുണ്ട്. രാധാകൃഷ്ണന്‍ മുമ്പ് മല്‍സരിച്ച് വിജയിച്ചിരുന്ന ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് നിലവിലെ എംഎല്‍എ. അദ്ദേഹത്തിന് ഒരു ടേം മാത്രമേ ആയുള്ളൂ എന്നതിനാല്‍ പ്രദീപന്‍ ചേലക്കരയില്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com