തിങ്കളാഴ്ചയോടെ‍ സീറ്റ് വിഭജനം പൂർത്തിയാക്കും; അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല

തിങ്കളാഴ്ചയോടെ‍ സീറ്റ് വിഭജനം പൂർത്തിയാക്കും; അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല/ ടെലിവിഷൻ ദൃശ്യം
രമേശ് ചെന്നിത്തല/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും യുഡിഎഫ് പൂർത്തിയാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐശ്വര്യ യാത്രയും ശംഖുമുഖത്തെ സമാപന സമ്മേളനവും അടക്കം തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്ചയോടെ പൂർത്തിയാക്കും. ഘടക കക്ഷികളുമായുള്ള ചർച്ചകൾ ഇന്ന് നടന്നു. എല്ലാ കാര്യങ്ങളും അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണ്. തിങ്കളാഴ്ചയോടെ ഘടക കക്ഷികൾക്ക് നൽകുന്ന സീറ്റുകളുടെ കാര്യത്തിലും അന്തിമ തീരുമാനമുണ്ടാക്കും. മൂന്നിന് യുഡിഎഫ് യോ​ഗം ചേരും. ആ യോ​ഗത്തിൽ ഓരോ കക്ഷിക്കും നൽകിയിട്ടുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

യു‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് മൂന്നാം തീയതി അന്തിമ രൂപം നൽകും. പ്രകടന പത്രിക പ്രസിദ്ധീകരിക്കുന്ന തീയതിയും അന്ന് പ്രഖ്യാപിക്കും. യുഡിഎഫ് സർവസജ്ജമായി തെരഞ്ഞെടുപ്പിന് എത്തുകയാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒറ്റക്കെട്ടായി ഒരേ മനസോടെ ജനങ്ങളെ സമീപിക്കുകയാണ്. അഞ്ച് കൊല്ലത്തെ അഴിമതി ഭരണത്തിനും ജനത്തെ ദ്രോഹിച്ച സർക്കാരിനും എതിരായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന പൂർണ വിശ്വാസമാണ് യുഡിഎഫിനുള്ളത്. നല്ല വിജയം ലഭിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com