ലീഗ് ജിഹാദികളുടെ കയ്യില്‍ ; കോണ്‍ഗ്രസിന്റെ ഔദാര്യം വേണ്ട; പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന് പി സി ജോര്‍ജ്

കുന്നത്തുനാട്ടിലെ ട്വന്റി-ട്വന്റി മാതൃക കേരളം ഒട്ടാകെ വ്യാപിപ്പിക്കണമെന്ന് പി സി ജോര്‍ജ്
പി സി ജോര്‍ജ്  /ഫയല്‍ ചിത്രം
പി സി ജോര്‍ജ് /ഫയല്‍ ചിത്രം

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന് പി സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ ഇ കെ ഹസന്‍കുട്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്ന് പി സി ജോര്‍ജ് പറഞ്ഞു. ചെയര്‍മാന്‍ തന്നെ വിളിച്ച് പൂഞ്ഞാറില്‍ മല്‍സരിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ തുടങ്ങിയതായും പി സി ജോര്‍ജ് പറഞ്ഞു. 

മൂന്നാം തീയതി ജനപക്ഷം പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗം കോട്ടയത്ത് ചേരും. ഭാവി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പൂഞ്ഞാറില്‍ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ പേരിലാണ് മല്‍സരിക്കുന്നത്. ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 

കുന്നത്തുനാട്ടിലെ ട്വന്റി-ട്വന്റി മാതൃക കേരളം ഒട്ടാകെ വ്യാപിപ്പിക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ട്വന്റി ട്വന്റി നേതൃത്വവുമായി ചര്‍ച്ച നടത്തും. ചുമ്മാ എംഎല്‍എമാരാകും, രാഷ്ട്രീയ്കാര്‍ സൗകര്യമുള്ളത് ചെയ്യുന്നു, ജനം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം മാറണം. ട്വന്റി-ട്വന്റി ചെയ്യുന്ന സേവനം എത്ര വലുതാണ്. ആ മാതൃകയിലുള്ള പ്രവര്‍ത്തനം നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. 

മുസ്ലിം ലീഗ് ജിഹാദികളുടെ കയ്യിലെന്ന് പി സി ജോര്‍ജ് പറഞ്ഞു.  വര്‍ഗീയവാദികളല്ലാത്ത, മതേതരത്വമുള്ള തങ്ങളുടെ പാര്‍ട്ടിയാണ്. ആ ലീഗ് പോലും ജിഹാദികളുടെ കയ്യില്‍ അമര്‍ന്നിരിക്കുകയാണ്. കേരള രാഷ്ട്രീയം തന്നെ ജിഹാദികള്‍ കയ്യടക്കാന്‍ വേണ്ടി യുഡിഎഫിനെയും മറികടന്നുപോകുകയാണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു പോലും തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. 

ജിഹാദികള്‍ കേരളത്തില്‍ പിടിമുറുക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ട് ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന, പിന്തുണയ്ക്കുന്ന യുഡിഎഫുമായി ഒരു ബന്ധവും വേണ്ടെന്നാണ് തന്റെ തീരുമാനം. യുഡിഎഫ് വന്നാല്‍ കേരളം എവിടെ പോയി നില്‍ക്കും. വഞ്ചകന്മാരാണ് യുഡിഎഫ് നേതാക്കള്‍. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായി നിര്‍ത്താമെന്നാണ് യുഡിഎഫ് ചര്‍ച്ച ചെയ്തത്. 

40 കൊല്ലമായി എംഎല്‍എ പണിയുമായി നടക്കുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയില്‍ നില്‍ക്കാന്‍ യുഡിഎഫിന്റെ ഔദാര്യം വേണ്ട. എല്‍ഡിഎഫ് ബന്ധത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. പിണറായി വിജയനെ ഏറ്റവും അധികം വിമര്‍ശിക്കുന്നവനാണ് താന്‍. അതേസമയം അദ്ദേഹം വ്യക്തിപരമായി കേരളത്തിന് ഏറെ കാര്യങ്ങള്‍  ചെയ്തിട്ടുണ്ടെന്ന് കരുതുന്ന ആളാണ് താന്‍. തന്നെ വി എസ് പക്ഷക്കാരനായാണ് പിണറായി കണ്ടിരുന്നത്. 

വിഎസ് ഇപ്പോള്‍ ക്ഷീണിതനാണെങ്കിലും അദ്ദേഹത്തെ കാരണവര്‍ സ്ഥാനത്തു കാണുന്നയാളാണ് താന്‍. അതുകൊണ്ട് പിണറായി വിജയന് തന്നോട് അത്ര പത്ഥ്യം വരാന്‍ ഇടയില്ല. അതിനാല്‍ ആ മേഖലയിലേക്ക് ചിന്തിച്ചിട്ടില്ല. പൂഞ്ഞാറില്‍ ബിജെപി അടക്കം എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്താറുണ്ട്. എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com