ബിഎംഎസിന് ചരിത്രനേട്ടം; കെഎസ്ആര്‍ടിസിയില്‍ യൂണിയന് അംഗീകാരം; 18 ശതമാനത്തിലധികം വോട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 10:28 PM  |  

Last Updated: 01st January 2021 10:28 PM  |   A+A-   |  

bms_story

ബിഎംഎസ് പതാക ഫയല്‍ ചിത്രം

 

കൊച്ചി:  കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ ബിഎംഎസിന് ചരിത്ര നേട്ടം. കഴിഞ്ഞതവണ 8.31 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിഎംഎസ് ഇത്തവണ 18 ശതമാനം വോട്ട് നേടി. അംഗീകാരം കിട്ടാന്‍ 15 ശതമാനമാണ് വേണ്ടിയിരുന്നത്.

കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകള്‍ നേടി കൂടുതല്‍ വോട്ടുകള്‍ നേടിയ സംഘടനയായി. ആകെ സാധുവായ 26837 വോട്ടുകളില്‍ സി.ഐ.ടി.യുവിന് 9457 വോട്ടുകള്‍ ലഭിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (TDF) 23. 37 ശതമാനം വോട്ടുകള്‍ ( 6271) നേടി. കെ.എസ്.ടി. എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം ( 4888) വോട്ടും ലഭിച്ചു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ - എ.ഐ.ടി.യു സി (9.64%) , കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (2.74 %), കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് ഫ്രണ്ട് യൂണിയന്‍ ( 1.24%) , കെ.എസ്.ആര്‍.ടി.ഇ വെല്‍ഫെയര്‍ അസോസിയേഷന്‍ (9.03 %) വോട്ടുകളും നേടി. 134 വോട്ടുകള്‍ അസാധുവായി. ആകെ ഏഴ് സംഘടനകളാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. 

കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളായിരുന്നു സമ്മതിദായകര്‍. സ്ഥംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. 51 ശതമാനമോ അതില്‍ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോള്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റായി പരിഗണിക്കും. മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഹിതപരിശോധന നടത്തുന്നത്. എന്നാല്‍ 2016 ലാണ് അവസാനമായി നടത്തിയത്. 2016ല്‍ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്.