സംസ്ഥാനത്ത് നാളെ 46 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2021 03:34 PM  |  

Last Updated: 07th January 2021 03:34 PM  |   A+A-   |  

covid vaccine dry run

കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് മുന്നോടിയായുള്ള നാളത്തെ ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. 

ജില്ലകളിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. 

ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.