ഒരു ഭയവുമില്ല, ചട്ടം പാലിക്കണമെന്നേയുള്ളൂ; സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ സ്പീക്കര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2021 11:26 AM  |  

Last Updated: 07th January 2021 11:26 AM  |   A+A-   |  

speaker P SREERAMAKRISHNAN

പി ശ്രീരാമകൃഷ്ണന്‍/ടെലിവിഷന്‍ ദൃശ്യം

 

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചട്ടം അനുസരിച്ച് ഇതിന് അനുമതി വേണ്ടതുണ്ട്. അതു ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന് കത്തു നല്‍കിയതെന്ന് സ്പീക്കര്‍ പറഞ്ഞു.

നിയമസഭയുടെ പരിധിയിലുള്ള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയയ്ക്ക് സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്. ഇത് എംഎല്‍എമാര്‍ക്കു മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. അതു ചൂണ്ടിക്കാട്ടി  കസ്റ്റംസിന് കത്തയയ്ക്കുകയാണ് ചെയ്തത്. തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയില്‍നിന്നു കസ്റ്റംസ് വിവരങ്ങള്‍ ആരായുന്നതില്‍ പ്രശ്‌നമില്ല. ചട്ടം പാലിച്ചു വേണമെന്നു മാത്രമേ പറയുന്നുള്ളൂവെന്ന് സ്പീക്കര്‍ പറഞ്ഞു. 

നാല്‍പ്പതു വര്‍ഷമായി പൊതു രംഗത്തുള്ളയാളാണ് താന്‍. ഇക്കാലത്തിനിടയിലൊന്നും ഒരു രൂപയുടെ കൈക്കൂലി ആരോപണം പോലും ഉയര്‍ന്നിട്ടില്ല. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭയവുമില്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകളൊന്നും ശരിയല്ല. വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസ് ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോട്ടീസില്‍ സഭ യുക്തമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചട്ടം അനുസരിച്ച് സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നതിനാലാണ് കസ്റ്റംസിന് കത്ത് അയച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സ്പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കി ഇന്നലെയാണ് നിയമസഭ സെക്രട്ടറി കത്ത് നല്‍കിയത്. നിയമസഭയുടെ പരിധിയില്‍ വരുന്നയാള്‍ക്ക് നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ബുധനാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു കസ്റ്റംസ് കെ അയ്യപ്പന് കത്ത് നല്‍കിയത്. എന്നാല്‍ നിയമസഭ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെ അയ്യപ്പന്‍ മറുപടി നല്‍കിയിരുന്നു.

ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ്, ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് അയ്യപ്പന്‍ പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് നോട്ടീസ് നല്‍കിയത്.