പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് സമീപിച്ചു; എറണാകുളത്താണെങ്കില്‍ തയ്യാര്‍, എംഎല്‍എ ആയാല്‍ ശമ്പളം വേണ്ട: കെമാല്‍ പാഷ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th January 2021 03:40 PM  |  

Last Updated: 09th January 2021 03:40 PM  |   A+A-   |  

Ex-Kerala HC judge wants to contest polls

കെമാല്‍ പാഷ/ഫയല്‍ ചിത്രം

 

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ. പുനലൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി യുഡിഎഫ് നേതൃത്വം തന്നെ സമീപിച്ചെന്നും എന്നാല്‍ തനിക്ക് ആ മണ്ഡലത്തിനോട് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളത്തെ മണ്ഡലങ്ങളാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും പാഷ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടെന്നും അഴിമതി നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. 

യുഡിഎഫിന്റെ ഭാഗമായല്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയോ അതിന് സമീപമുള്ള മണ്ഡലങ്ങളിലോ ആണ് താത്പര്യമെന്നും പാഷ പറഞ്ഞു. 

ഇടത് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനാണ് കെമാല്‍ പാഷ. വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ നടപടിയെ പ്രകീര്‍ത്തിച്ച് കെമാല്‍ പാഷ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തി. 

നീതി പീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമേയുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.