'ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവര്‍ ; ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്' ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 10:44 AM |
Last Updated: 12th January 2021 10:44 AM | A+A A- |
പിണറായി വിജയന്‍ നിയമസഭയില്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. ഉളുപ്പ് എന്നൊന്ന് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങളൊക്കെ പിടിച്ചടക്കി കളയുമെന്ന മട്ടിലല്ലേ ഇറങ്ങി പുറപ്പെട്ടത്. എന്തായി ഇപ്പോ. ജനങ്ങളുടെ സാമാന്യ ബുദ്ധി ചോദ്യം ചെയ്യരുത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണ്. അത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ പ്രതിപക്ഷവും അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സംസ്ഥാനത്തെ ജനങ്ങളുടെ ഓര്‍മശക്തിയെ ചോദ്യം ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2011 മുതല്‍ 2016 വരെ എന്താണ് നടന്നിരുന്നത് എന്ന് എല്ലാവരും മറന്നു പോയി എന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നത്.
അഴിമതിയുടെ കൂത്തരങ്ങായിരുന്നു അത്. എന്താണ് പ്രതിപക്ഷത്തെക്കുറിച്ച് ജനങ്ങള്‍ കരുതിയത്. നിങ്ങള്‍ ഈ നാടിന് ശാപമാണെന്ന് ജനങ്ങള്‍ കണക്കാക്കിയിരുന്നില്ലേ. ആ കാലം മറന്നുപോകുകയാണോ. ആ കാലത്തെക്കുറിച്ച് ഭരണപക്ഷത്തെ ചിലര്‍ ഉന്നയിച്ചാല്‍ മറുപടിയായാണോ കാണേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2016 മുതല്‍ ഇന്നു വരെ നേടിയിട്ടുള്ള യശസ്സ് നിങ്ങളുടെ മനോവ്യാപാരത്തിന് അനുസരിച്ച് തകര്‍ക്കാന്‍ കഴിയുന്നതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ കേരളത്തെ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയര്‍ത്തി. വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് വരുന്നു. വലിയ വികസനം നടക്കുന്നു. അതില്‍ വിഷമമുണ്ടെങ്കില്‍ അത് മനസില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് നാട് അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് ഒന്നിനെയും ആശങ്കപ്പെടേണ്ടതോ ഭയപ്പെടേണ്ടതോ ഇല്ല എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.