'മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്' ; പ്രോട്ടോക്കോള്‍ ഓഫീസറോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ; കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരുവിവരം അടക്കം കേന്ദ്രത്തിന് കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 11:58 AM  |  

Last Updated: 20th January 2021 12:01 PM  |   A+A-   |  

cm pinarayi vijayan

പിണറായി വിജയന്‍ നിയമസഭയില്‍ / എഎന്‍ഐ ചിത്രം

 

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫിസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഹരികൃഷ്ണന് കസ്റ്റംസില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് ചീഫ് സെക്രട്ടറി ജനുവരി 11 നാണ് കേന്ദ്രത്തിന് കത്തയച്ചത്. ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരുവിവരവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടതായും വി ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ നടപടി വേണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത് നിയമവിരുദ്ധമായ നടപടിയാണ്. അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റമാണ്. ഇത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫിസറായ ഹരികൃഷ്ണന് കസ്റ്റംസ് സമന്‍സ് അയച്ചതിനെത്തുടര്‍ന്ന്  ജനുവരി 5ന് എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മടങ്ങിവന്ന ഹരികൃഷ്ണന്‍, തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. തീരെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും അതിനു തയാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 

അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കസ്റ്റംസിനോട് വിശദീകരണം തേടി. എന്നാല്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫിസറെ പീഡിപ്പിച്ചു എന്ന ആരോപണം കസ്റ്റംസ് നിഷേധിച്ചു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. കേസന്വേഷണം അട്ടിമറിക്കുന്നതിനാണ് ഇത്തരം ആരോപണം ഉന്നയിച്ച് രംഗത്തു വരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.