'കൈപിടിച്ച് നടത്തിയ എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു'; പത്മഭൂഷണില്‍ പ്രതികരിച്ച് കെ എസ് ചിത്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2021 10:22 PM  |  

Last Updated: 25th January 2021 10:22 PM  |   A+A-   |  

padma awards

കെ എസ് ചിത്ര/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നല്‍കുന്നതെന്ന് പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര. പത്മഭൂഷണ്‍ പുരസ്‌കാരം തേടിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

'രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നല്‍കുന്നു. കൈപിടിച്ച് നടത്തിയ എല്ലാവര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നു' - കെ എസ് ചിത്ര പറഞ്ഞു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തില്‍ നിന്ന് ആറുപേര്‍ക്കാണ് അംഗീകാരം ലഭിച്ചത്.. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എം നമ്പ്യാര്‍( കായികം), ബാലന്‍ പുതേരി ( സാഹിത്യം), കെ കെ രാമചന്ദ്ര പുലവര്‍ (കല), ഡോ ധനഞ്ജയ് ദിവാകര്‍ ( മെഡിസിന്‍) എന്നിവരാണ് പത്മശ്രീ അവാര്‍ഡിന് അര്‍ഹരായത്. ഇതടക്കം 102 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ കായിക താരമായിരുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ എം നമ്പ്യാര്‍.

ചിത്ര ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഇത്തവണ പത്മഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് (മരണാനന്തരം), സുമിത്ര മഹാജന്‍, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാന്‍( മരണാനന്തരം) തുടങ്ങിയവരാണ് പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായ മറ്റുള്ളവര്‍.

എസ്പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്ത ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. തെന്നിന്ത്യന്‍ ഗായകനായിരുന്ന എസ്പിബി തമിഴ് സിനിമ ഗാന ശാഖയിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെങ്കിലും ഒരുപിടി നല്ല മലയാള സിനിമ ഗാനങ്ങള്‍ നല്‍കിയത് വഴി മലയാളിക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ട് തന്നെ എസ്പിബിയുടെ പുരസ്‌കാരലബ്ധി കേരളത്തിനും അഭിമാനം പകരുന്നതാണ്.