ചേർത്തലയിൽ തിലോത്തമന് പകരം പ്രമുഖ സിനിമാ താരം പരി​ഗണനയിൽ ?; പ്രകാശ് ബാബുവും മൽസരിച്ചേക്കും

ഡെപ്യൂട്ടി സ്പീക്കർ വി ശശിയും ചീഫ് വിപ്പ് കെ രാജനും വീണ്ടും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന
കാനം രാജേന്ദ്രനും പ്രകാശ് ബാബുവും / ഫയല്‍ ചിത്രം
കാനം രാജേന്ദ്രനും പ്രകാശ് ബാബുവും / ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് സിപിഐയിലും അനൗപചാരിക ചർച്ചകൾ മുറുകുന്നു. മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാകും ഇത്തവണ മൽസരിക്കുക എന്നാണ് സൂചന. രണ്ടു തവണ ടേം കഴിഞ്ഞെങ്കിലും ചന്ദ്രശേഖരന് ഇളവ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും മൽസരിച്ചേക്കും. 

മുല്ലക്കര രത്നാകരൻ മൽസരിച്ച ചടയമം​ഗലമാണ് പ്രകാശ് ബാബുവിന് പരി​ഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി ശശിയും ചീഫ് വിപ്പ് കെ രാജനും വീണ്ടും മത്സരരംഗത്തുണ്ടാകും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, പി തിലോത്തമൻ, കെ രാജു എന്നിവർ മാറിനിൽക്കും. അതേസമയം തൃശൂരിൽ സുനിൽകുമാറിനെ മൽസരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വി ഡി സതീശനെ തോൽപ്പിക്കാൻ സുനിൽകുമാറിനെ പറവൂരിൽ മൽസരിപ്പിക്കണമെന്നും ആവശ്യവും സജീവമായുണ്ട്. 

തൃശൂരിൽ സുനിൽകുമാർ മാറി നിന്നാൽ പകരം കൗൺസിലറായ സാറാമ്മ റോബ്‌സണെ പരിഗണിക്കുന്നുണ്ട്. ചേർത്തലയിൽ  മന്ത്രി പി തിലോത്തമനു പകരം സിനിമാനടൻ ജയൻ ചേർത്തലയുടെ പേരും പരി​ഗണനയിലുണ്ട്. കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാർ സീറ്റ് ലഭിച്ചാൽ, എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറിയും  കോട്ടയം ജില്ലാപഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകറിനെ പരിഗണിച്ചേക്കും. 

സി ദിവാകരൻ, ഇ എസ് ബിജിമോൾ, ചിറ്റയം ഗോപകുമാർ, ഇ കെ വിജയൻ എന്നിവരും മത്സരരംഗത്തുനിന്ന് മാറിനിന്നേക്കും. ദിവാകരന് പകരക്കാരനായി സിപിഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ജി ആർ അനിൽ നെടുമങ്ങാട് മത്സരിക്കുന്നത് പാർട്ടിയുടെ പരി​ഗണനയിലുണ്ട്.  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൽസരരം​ഗത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com