പ്ലസ്ടു ലെവല്‍ പൊതുപരീക്ഷ ഉടന്‍, തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു; 83 തസ്തികയില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം

പ്ലസ്ടു ലെവല്‍ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്ലസ്ടു ലെവല്‍ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 10ന് 85 തസ്തികകളിലേക്കാണു പരീക്ഷ. വിവിധ തസ്തികകളിലായി 15 ലക്ഷത്തിലധികം പേര്‍ പ്ലസ്ടു നിലവാര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. 83 തസ്തികയിലും ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. അവസാന തീയതി ഫെബ്രുവരി 9.

15 ലക്ഷത്തിലധികം പേര്‍ പ്ലസ് ടു നിലവാര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പൊതുപരീക്ഷയാകുമ്പോള്‍ ഇത് 6 ലക്ഷത്തോളമേ വരൂ എന്നാണു കണക്കാക്കുന്നത്. സിവില്‍ എക്‌സൈസ് ഓഫിസര്‍-3,35,855, സിവില്‍ പൊലീസ് ഓഫിസര്‍-3,17,017, ഫയര്‍മാന്‍-2,50,495, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ -2,05,617 എന്നിങ്ങനെയാണ് അപേക്ഷിച്ചവരുടെ എണ്ണം.

നിയമസഭാ തിരഞ്ഞെടുപ്പു സാഹചര്യത്തില്‍ പരീക്ഷ തീയതിയില്‍ മാറ്റത്തിനു സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മേയ് പകുതിക്കു ശേഷമോ ജൂണിലേക്കോ പരീക്ഷ നീണ്ടേക്കും. പൊതുവിജ്ഞാനത്തില്‍ 50, ജനറല്‍ ഇംഗ്ലിഷ്, ഗണിതം/മാനസികശേഷി പരിശോധന എന്നിവയില്‍ 20 വീതം, പ്രാദേശികഭാഷയില്‍ 10 എന്നിങ്ങനെയാവും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. 

ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്‌പെ.റി. എസ്ടി), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്‌പെ.റി. എസ്ടി) തസ്തികകളില്‍ ഫെബ്രുവരി 5 മുതലാണു കണ്‍ഫര്‍മേഷന്‍. ഒന്നിലധികം തസ്തികയില്‍ അപേക്ഷിച്ചവര്‍ ഓരോ തസ്തികയ്ക്കും കണ്‍ഫര്‍മേഷന്‍ നല്‍കണം. ഏതു ഭാഷയിലുള്ള (മലയാളം/തമിഴ്/കന്നട) ചോദ്യ പേപ്പറാണ് വേണ്ടതെന്ന് കണ്‍ഫര്‍മേഷന്‍ നല്‍കുമ്പോള്‍ രേഖപ്പെടുത്തണം. തെരഞ്ഞെടുത്ത ഭാഷയിലെ ചോദ്യ പേപ്പര്‍ മാത്രമേ ലഭ്യമാക്കൂ.  പരീക്ഷ എഴുതാനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന കമ്യൂണിക്കേഷന്‍ വിലാസത്തിലെ ജില്ല തന്നെ തിരഞ്ഞെടുക്കണം. നിശ്ചിത സമയത്തിനകം കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com