'സുലു എല്ലാം പറഞ്ഞു..നിനക്ക് എന്താണ് പറയാനുള്ളത്?' ; പൊലീസിന്റെ 'പൂഴിക്കടകനി'ല്‍ ഞെട്ടി, വഴിത്തിരിവായത് ട്രാന്‍സ്‌ജെന്‍ഡറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2021 09:13 AM  |  

Last Updated: 30th January 2021 09:13 AM  |   A+A-   |  

pulleppady murder

പുല്ലേപ്പടി കൊലപാതകത്തിലെ പ്രതികള്‍ / ടെലിവിഷന്‍ ചിത്രം

 

കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായത് ട്രാന്‍സ്‌ജെന്‍ഡറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. ട്രാന്‍സ്‌ജെന്‍ഡര്‍ സുലുവിനെയും ( ഹാരിസ്) പിന്നാലെ സുഹൃത്തിനെയും ചോദ്യം ചെയ്തതിലൂടെയാണ് നഗരത്തിലെ വന്‍ കവര്‍ച്ചയും കൊലപാതകവും ചുരുളഴിഞ്ഞത്. 

സിറ്റി പൊലീസ് കമ്മീഷണറായി സിഎച്ച് നാഗരാജു ചുമതലയേറ്റ ദിവസമാണ് കൊച്ചി പുതുക്കലവട്ടെ വീട്ടില്‍ വന്‍ മോഷണം നടക്കുന്നത്. എന്നാല്‍ മോഷണത്തിന് യാതൊരു തെളിവും അവശേഷിച്ചിരുന്നില്ല. മോഷണം നടന്ന വീടിന്റെ പരിസരത്ത് സിസിടിവി ക്യാമറകളും ഇല്ലായിരുന്നു. 

പിന്നീട് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതയില്ലായിരുന്നു. ഹെല്‍മെറ്റ് വെച്ച് രണ്ടുപേര്‍ രാത്രി 12.30 ഓടെ മോഷണം നടന്ന വീടിന്റെ ഭാഗത്തേക്ക് പോകുന്നു. തിരികെ 2.30 ഓടെ ഇതേ സംഘം തിരികെ പോകുന്നതും വീഡിയോയില്‍ കണ്ടെത്തി. തിരികെ പോകുമ്പോള്‍ ഇവരുടെ കയ്യില്‍ ബാഗുണ്ടെന്നും പൊലീസ് ശ്രദ്ധിച്ചു. 

ഇതോടെ ഇവരാകും മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തി. 10 ദിവസത്തോളം പ്രദേശത്തെ റോഡുകളിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ തെളിവൊന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ്, മോഷണം നടന്ന വീട്ടില്‍ തെളിവെടുപ്പിനിടെ, പൊലീസ് നായക്ക് എത്ര മണിക്കൂര്‍ മണം പിടിക്കാന്‍ കഴിയുമെന്ന് ബന്ധുവായ യുവാവ് ചോദിച്ചതായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

ഇതോടെ സംശയം ഉന്നയിച്ചഡിനോയ് ക്രിസ്‌റ്റോ പൊലീസിന്റെ നിരീക്ഷണത്തിലായി. ഇയാളുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 15-ാം തീയതി ഇയാള്‍ മലപ്പുറത്തേക്ക് പോയതായി കണ്ടെതത്ി. മണിലാല്‍, സുലു എന്നു വിളിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറായ ഹാരിസ് എന്നിവര്‍ക്കൊപ്പം കാറിലാണ് പോയതെന്നും പൊലീസിന് വവിരം ലഭിച്ചു. 

മണിലാലിനെയും ഡിനോയിയെയും ചോദ്യം ചെയ്‌തെങ്കിലുംവിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെയാണ് സുലുവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. സുലുവിന്റെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഒരു ബാഗ് കണ്ടെടുത്തു. ഇത് സുഹൃത്ത് ജോബി നല്‍കിയതാണെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മറുപടി. 

ജോബി കൊല്ലപ്പെട്ടു എന്ന ഉറപ്പില്‍ കേസ് വഴിതെറ്റിക്കാനായിരുന്നു സുലുവിന്റെ മറുപടി. ജോബിയെ തേടി പൊലീസ് അലഞ്ഞെങ്കിലും കണ്ടെത്താനുമായില്ല. തുടര്‍ന്ന് സുലുവുമായി അടുപ്പമുണ്ടായിരുന്ന പ്രദീപിനെ കണ്ടെത്തുകയും, സുലു എല്ലാ വിവരവും പറഞ്ഞെന്നും ബാക്കി പറയാനും പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ മോഷണവും കൊലപാതകവും അടക്കമുള്ള വിവരങ്ങളെല്ലാം പ്രദീപ് തുറന്നു സമ്മതിക്കുകയായിരുന്നു. 

ഏറെ അടുപ്പമുള്ള പ്രദീപിനെ സുലു എല്ലാക്കാര്യവും അറിയിച്ചിരുന്നു. ജോബി കയ്യുറ ധരിക്കാതെയാണ് കവര്‍ച്ച നടത്താനെത്തിയത്. ജോബിയുടെ വിരലടയാളം ലഭിച്ചാല്‍ തങ്ങളും കുടുങ്ങും എന്ന ചിന്തയാണ് അയാളെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. സുലുവും ഡിനോയിയും ചേര്‍ന്നാണ് കൊലപാതക പദ്ധതി തയ്യാറാക്കിയത്. ജോബിയെ കൊലപ്പെടുത്തി കത്തിക്കാനുള്ള ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തിയതും സുലുവാണ്. 

24 ന് തന്നെ പെട്രോള്‍ വാങ്ങി സുലു സൂക്ഷിച്ചു. ജോബിക്ക് ആവശ്യത്തിലധികം മദ്യം നല്‍കാന്‍ പ്രതികളിലൊരാളായ മണിലാലിനെ ഡിനോയ് ഏര്‍പ്പാടാക്കി. മദ്യലഹരിയിലായ ജോബിയെ കമ്പത്തേക്ക് അയക്കാമെന്നു പറഞ്ഞ് പുല്ലേപ്പടി റെയില്‍വേ ട്രാക്കില്‍ എത്തിച്ചു. മദ്യലഹരിയില്‍ തളര്‍ന്ന ജോബിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവരം സുലുവിനെ അറിയിച്ചപ്പോള്‍ തനിക്ക് കാണേണ്ടെന്നും, പെട്രോള്‍ ഒഴിച്ച് കത്തിക്കാനും സുലു നിര്‍ദേശിക്കുകയായിരുന്നു.