ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്; ഉത്തരവിറക്കിയത് തന്റെ അറിവോടെ: ഇ ചന്ദ്രശേഖരന്‍

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തനിക്ക് തന്നെയാണെന്ന് മുന്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസര്‍കോട്: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തനിക്ക് തന്നെയാണെന്ന് മുന്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. മരംമുറി ഉത്തരവ് ഇറക്കിയത് തന്റെ നിര്‍ദേശത്താലാണ്. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള  മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. ഭൂമി കൈമാറുന്നതിന് മുന്‍പുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവാദമില്ല. രാജകീയ മരങ്ങളെല്ലാം മുറിക്കാന്‍ അനുവാദം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നും ഇ.ചന്ദ്രശേഖരന്‍ കാസര്‍കോട്ട് പറഞ്ഞു

കട്ടമ്പുഴ വനമേഖലയിലെ കര്‍ഷകര്‍ അവര്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  വനം മന്ത്രി യോഗം വിളിച്ചു. പട്ടയ ഭൂമിയില്‍ കര്‍ഷര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു വനം വകുപ്പ് എതിരല്ല. എന്നാല്‍ ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല എന്നും ഇത് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്നുമാണ് വനം വകുപ്പ് നിലപാടെടുത്തത്. തുടര്‍ന്ന് റവന്യു വകുപ്പിന്റെ അഭിപ്രായം അറിയാന്‍ നിര്‍ദേശിച്ചു.

2019 സെപ്റ്റംബര്‍ 3ന് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ മറ്റൊരു യോഗം ചേര്‍ന്നു. ഈ യോഗത്തിലും വനം വകുപ്പ് മേധാവി ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല എന്ന വാദം ആവര്‍ത്തിച്ചു. പട്ടയം ലഭിച്ചശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ഇതില്‍ നിയമവകുപ്പിന്റെയും അഡിഷനല്‍ എജിയുടെയും അഭിപ്രായം സ്വരൂപിച്ച് ശുപാര്‍ശ ഉള്‍പ്പെടുത്തി സമര്‍പ്പിക്കാന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com