മലയാളിക്ക് വീണ്ടും ഭാ​ഗ്യം; ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലെ ‍ഡ്രൈവർക്ക് 40 കോടി

മലയാളിക്ക് വീണ്ടും ഭാ​ഗ്യം; ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലെ ‍ഡ്രൈവർക്ക് 40 കോടി
രഞ്ജിത്തും കുടുംബവും/ ഫോട്ടോ: സോഷ്യൽ മീഡിയ
രഞ്ജിത്തും കുടുംബവും/ ഫോട്ടോ: സോഷ്യൽ മീഡിയ

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാ​ഗ്യം. 40 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിക്കും ഒൻപത് സുഹൃത്തുക്കൾക്കും. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 

കഴിഞ്ഞ മൂന്ന് വർഷമായി കൂട്ടുകാരോടൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്ന രഞ്ജിത്തിനെ തേടി ഒടുവിൽ കോടികൾ എത്തി. ദുബായിലെ ഒരു ഹോട്ടലിന്റെ വാലെ പാർക്കിങ്ങിൽ ജോലി ചെയ്യുന്ന ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ ഒൻപത് പേരാണ് രഞ്ജിതിന്റെ സഹ ഭാഗ്യവാന്മാർ. ഓരോരുത്തരും 100 ദിർഹം പങ്കിട്ടായിരുന്നു ജൂൺ 29ന് ടിക്കറ്റ് വാങ്ങിയത്. എന്നെങ്കിലും ഭാഗ്യം നമ്മെ തേടി വരുമെന്ന് കൂട്ടുകാരോട് പറയുമായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു.

ഭാര്യ സഞ്ജീവനി പെരേര, മകൻ നിരഞ്ജൻ എന്നിവരോടൊപ്പം ഹത്തയിൽ നിന്ന് റാസൽഖൈമയിലെത്തിയപ്പോഴാണ് സമ്മാന വിവരം അറിഞ്ഞത്. പച്ചക്കറി വാങ്ങാൻ വേണ്ടി ഒരു പള്ളിയുടെ അരികിൽ വാഹനം നിർത്തി. എട്ട് വയസുകാരനായ മകൻ തത്സമയം നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും രണ്ടും സമ്മാനമായ യഥാക്രമം 30, 10 ലക്ഷം ദിർഹം പ്രഖ്യാപിച്ചു. തനിക്ക് ഇപ്രാവശ്യവും ഇല്ലല്ലോ എന്നോർത്ത് പള്ളിക്ക് നേരെ നിന്ന് പ്രാർഥിച്ചപ്പോഴാണ് തന്റെ നമ്പർ (349886) ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചതെന്ന്  37കാരനായ രഞ്ജിത് പറഞ്ഞു. സന്തോഷം കൊണ്ട് മകൻ ആർത്തുവിളിച്ചു. ഇതിന് ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. 

2008 മുതൽ ദുബായ് ടാക്സിക്ക് കീഴിൽ വിവിധ കമ്പനികളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശമ്പളം കുറച്ചതിനാൽ കഴിഞ്ഞ വർഷം ഡ്രൈവർ ജോലിയോടൊപ്പം സെയിൽസുമാനുമായി. അടുത്തിടെ മറ്റൊരു കമ്പനിയിൽ ഡ്രൈവർ–പിആർഒ ആയി ജോലി  ലഭിച്ചു. 3,500 ദിർഹമാണ് ശമ്പളം. ഭാര്യ ഹോട്ടലിൽ ജോലി ചെയ്യുന്നതുകൊണ്ടായിരുന്നു കുടുംബം സാമ്പത്തിക പ്രശ്നങ്ങളില്ലാതെ കടന്നുപോയത്. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക സ്വപ്നമാണ്. കുടുംബവുമായി കൂടിയാലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com