'കയ്യിൽ കടലാസും തോളിൽ ബാഗുമായി ഒരാൾ ആത്മഹത്യ ചെയ്യാൻ നിൽക്കുന്നു'; പെരുമഴയത്ത് തിരിച്ചിലിനിറങ്ങി പൊലീസ്, ആളെ രക്ഷിച്ചപ്പോൾ യഥാർത്ഥ ട്വിസ്റ്റ്  

പെരുമഴയത്ത് തിരിച്ചിലിനിറങ്ങിയ പൊലീസ് ഒടുവിൽ ആളെ കണ്ടെത്തിയപ്പോഴാണു കഥയിലെ നാടകീയത പുറത്തായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വീടുവിട്ടിറങ്ങി തിരികെ ചെന്നപ്പോൾ വീട്ടുകാർ കയറ്റിയില്ല. ബാ​ഗുമായി വീണ്ടുമിറങ്ങിയ അയാൾ ആലുവ റെയിൽപാളത്തിൽ എത്തി. കയ്യിൽ കടലാസും തോളിൽ ബാഗുമായി ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ചാണ് നിൽപ്. "ഒരാൾ ആലുവയിൽ റെയിൽപാളത്തിൽ നിൽക്കുന്നു. പൊലീസ് ഉടൻ എത്തിയാൽ രക്ഷിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ ട്രെയിൻ ദേഹത്തു കയറിയിറങ്ങും", ഏതോ ട്രെയിൻ യാത്രികൻ വിളിച്ചുപറഞ്ഞതാവുമെന്നു കരുതി പെരുമഴയത്ത് തിരിച്ചിലിനിറങ്ങിയ പൊലീസ് ഒടുവിൽ ആളെ കണ്ടെത്തിയപ്പോഴാണു കഥയിലെ നാടകീയത പുറത്തായത്.

പുലർച്ചെ ആലുവ റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിലേക്ക് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തു നിന്നാണ് സന്ദേശമെത്തിയത്. ഇതനുസരിച്ച് ഒരു എസ്ഐയെയും പൊലീസുകാരനു ആളെ തിരക്കിയിറങ്ങി. റെയിൽപാളത്തിൽ കുറേ ദൂരം നടന്നെങ്കിലും ആരെയും കാണാനായില്ല. ഇതോടെ തിരുവനന്തപുരത്തു നിന്നു ലഭിച്ച നമ്പറിൽ തിരിച്ചു വിളിച്ചു. സെന്റ് സേവ്യേഴ്സ് കോളജിനു സമീപം മേൽപാലത്തിന്റെ അടിയിൽ നിൽപ്പുണ്ടെന്നായിരുന്നു മറുപടി ലഭിച്ചത്. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ അവിടെയും ആളില്ല. വീണ്ടും വിളിച്ചപ്പോൾ ടൗൺ മസ്ജിദിനു സമീപം മറ്റൊരു മേൽപാലത്തിന്റെ ചുവട്ടിലാണെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് അങ്ങോട്ടും പാഞ്ഞെത്തി.  ഫോൺ സന്ദേശത്തിലെ ലക്ഷണങ്ങളുള്ള യുവാവ് അവിടെ നിൽക്കുന്നത് കണ്ടു. 

പൊലീസിനെ കണ്ടതും അയാൾ കരയാൻ തുടങ്ങി. തന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ലെന്ന കുറിപ്പും കൈയിലുണ്ട്. ആശ്വസിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ ആളെ രക്ഷിച്ചെന്ന് അറിയിക്കാൻ സന്ദേശം ലഭിച്ച നമ്പറിൽ തിരികെ വിളിച്ചു. അപ്പോഴാണ് കഥയിലെ ട്വിസ്റ്റ്! ഫോൾ രക്ഷിച്ച ആളുടെ കീശയിൽ ബെല്ലടിച്ചു. ദൃക്സാക്ഷിയെന്ന വ്യാജേന വിളിച്ചത് ആത്മഹത്യ ചെയ്യാനൊരുങ്ങി നിന്നയാൾ തന്നെ. 

ആലങ്ങാട് കുരിയച്ചാൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണു പൊലീസിനെ വിളിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് സഹോദരനെ വരുത്തി കൂടെവിട്ടു. സംഭവത്തിൽ കേസ് എടുത്തില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com