അഭിഭാഷകര്‍ തയാറായില്ല; സ്വന്തം കേസില്‍ സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര

അഭിഭാഷകര്‍ തയാറായില്ല; സ്വന്തം കേസില്‍ സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര
സിസ്റ്റര്‍ ലൂസി കളപ്പുര/ഫയല്‍
സിസ്റ്റര്‍ ലൂസി കളപ്പുര/ഫയല്‍

കൊച്ചി: പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍നിന്നു പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര. പല അഭിഭാഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

പൊലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് ഇന്നു പരിഗണിക്കുന്നത്.  ഹര്‍ജിയില്‍ നേരത്തെ സിസ്റ്റര്‍ ലൂസിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. 

''പല അഭിഭാഷകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയാറായില്ല. ഇതിനാലാണ് കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചത്. 39 വര്‍ഷമായി ഞാന്‍ മഠത്തില്‍ കഴിയുന്നു. ഇതിനിടെ ഒരു തെറ്റും ചെയ്തിട്ടില്ല. സഭാ മൂ്‌ല്യങ്ങള്‍ക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് എന്നെ അങ്ങനെയങ്ങു പുറത്താക്കാനാവില്ല. നീതിപീഠത്തില്‍ എനിക്കു വിശ്വാസമുണ്ട്. അതിനാലാണ് കേസ് സ്വയം വാദിക്കുന്നത്''- സിസ്റ്റര്‍ കുളപ്പുര പറഞ്ഞു.

''കോടതി നടപടികളിലൊന്നും വലിയ അറിവില്ല. ഒരു സാധാരണ വ്യക്തിയുടെ ഭാഷയില്‍ സ്വയം നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കും''- സിസ്റ്റര്‍ പറഞ്ഞു.

പൊലീസ് സംരക്ഷണം മാത്രമാണ് താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു അനുകൂലമായി ഇടക്കാല വിധിയും ഉണ്ട്. സന്ന്യാസിനീ സഭയില്‍ നിന്നു പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ മഠത്തില്‍ തുടര്‍ന്നു താമസിക്കാനാവുമോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. കോടതിയുടെ ഈ പരാമര്‍ശം തന്റെ ഹര്‍ജിയുമായി ബന്ധപ്പെട്ടതല്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് സ്വയം വാദിക്കുന്നത്. രാജ്യത്ത് മറ്റേതെങ്കിലും കോടതിയില്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com