വ്യാജകള്ള് നിര്‍മ്മാണലോബിയെ സഹായിച്ചു; 13 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍;  വിജിലന്‍സ് അന്വേഷണം

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വ്യാജകള്ള് നിര്‍മ്മാണ ലോബിയെ സഹായിച്ച 13 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വ്യാജകള്ള് നിര്‍മ്മാണ ലോബിയെ സഹായിച്ച 13 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ഏല്‍പ്പിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജൂണ്‍ 27നാണ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്. തുടര്‍ന്ന് എക്‌സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍സ്‌റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്. ജില്ലാതലം മുതല്‍ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു വര്‍ഷങ്ങളായുള്ള വ്യാജകള്ള് നിര്‍മ്മാണം.

ഒമ്പത് പേരെ പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം നടക്കേണ്ടതിനാലാണ് കേസ് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത എക്‌സൈസ് വകുപ്പ് പുലര്‍ത്തുന്നുണ്ട് എന്നുറപ്പുവരുത്തും. രഹസ്യമായി ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി വിവരങ്ങളൊന്നും ചോര്‍ന്നുപോകാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതില്‍ വിജയിച്ച എക്‌സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐ പി എസ്, വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com