കോടതിയില്‍ കീഴടങ്ങാനെത്തി; വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി

കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യജ അഭിഭാഷക നാടകീയമായി മുങ്ങി
സെസി സേവ്യര്‍
സെസി സേവ്യര്‍

കോട്ടയം:   കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യജ അഭിഭാഷക നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യര്‍ കോടതിയിലെത്തിയത്. എന്നാല്‍ കോടതിയില്‍ എത്തിയതോടെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ വിവരം സെസി മനസിലാക്കിയത്. ഇതോടെ സെസി കോടതിയില്‍ നിന്നും മുങ്ങുകയായിരുന്നു.

രാവിലെ പതിനൊന്നരയോടെയാണ് ആലപ്പുഴ ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സെസി സേവ്യര്‍ എത്തിയത്. 417,419 വകുപ്പുകള്‍ മാത്രമാണ് നേരത്തെ പൊലീസ് സെസിക്കെതിരെ ചുമത്തിയിരുന്നത്. ഇന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനായി അഭിഭാഷകരുമായി സെസി എത്തിയതോടെ പ്രോസിക്യൂട്ടര്‍ സെസി വ്യാജരേഖ ചമച്ചതായും ആള്‍മാറാട്ടം നടത്തിയതായും കോടതിയെ അറിയിച്ചു.  തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് സെസി സേവ്യര്‍ മുങ്ങുകയായിരുന്നു. അഭിഭാഷകരുടെ സഹായത്തോടെയാണ് സെസി മുങ്ങിയത്. കോടതിയുടെ പുറകുവശത്തെ വാതില്‍ വഴി കാറില്‍ കയറിപ്പോകുകയായിരുന്നെന്ന് അഭിഭാഷകര്‍ പറയുന്നു.

മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവര്‍ഷം കോടതിയില്‍ അഭിഭാഷക പ്രാക്ടീസ് ചെയ്തത്.  ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. 

2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്.രണ്ടരവര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എന്റോള്‍മെന്റ് നമ്പറില്‍ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗണ്‍സിലിന്റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പര്‍ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com