കരുവന്നൂര്‍ ബാങ്കില്‍ ആയിരം കോടിയുടെ തിരിമറി ; ലോണുകള്‍ക്ക് 10 ശതമാനം കമ്മീഷന്‍ ; തട്ടിപ്പുപണം കൊണ്ട് പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മാണമെന്നും ആക്ഷേപം

നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍ : നൂറു കോടിയുടെ സാമ്പത്തിക തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മറവില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു.

ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിനായി വിദേശത്തു നിന്ന് ഉള്‍പ്പെടെ ഭീമമായ നിക്ഷേപം, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയാണ് പുറത്തുവന്നിട്ടുള്ളത്. വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പ എടുക്കുന്നവരെ തിരിച്ചടവിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കി എത്രയും വേഗം ജപ്തി നടപടിയിലേക്ക് എത്തിച്ച് തട്ടിപ്പുകാര്‍ ആ ഭൂമി തട്ടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ഭൂമി മറിച്ചുവിറ്റ് ഇവര്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്തു.

കരുവന്നൂര്‍ സഹകരണബാങ്കില്‍ ബിനാമി ഇടപാടുണ്ടെന്ന് പ്രസിഡന്റും മാനേജരും മൊഴി നല്‍കിയിട്ടുണ്ടെന്ന് സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2011 മുതല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കില്‍നിന്ന് ബിനാമി വായ്പയെടുക്കാറുണ്ടെന്നും പിന്നീട് മാര്‍ച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തില്‍ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയ വസ്തു പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താറുണ്ടെന്നും ബാങ്ക് മാനേജര്‍ എം കെ ബിജു അന്വേഷണക്കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ട്. 

അതിനിടെ, ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികള്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജുവിന്റെും ബാങ്കിന് കീഴിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തില്‍ തേക്കടിയിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് വേണ്ടി  ഉപയോഗിച്ചു എന്ന് ബിജെപി ആരോപിച്ചു. ഇതിന് തെളിവായി എട്ട് ഏക്കറില്‍ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാര്‍ റിസോട്ടിന്റെ ബ്രോഷറും ബിജെപി ചൂണ്ടിക്കാട്ടുന്നു.

ബിജുവും ബിജോയിയും റിസോട്ടിന്റെ പ്രമോട്ടര്‍മാരാണെന്ന് ബ്രോഷറിലുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലാണെന്നും ബിജെപി ആരോപിച്ചു. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കിയിരുന്നു. തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിച്ചു. ബാങ്കില്‍ നിന്ന് ബിനാമി പേരില്‍ സിപിഎം നേതാക്കള്‍ പണം തട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞാണ് തട്ടിപ്പെന്നും റിസോര്‍ട്ടിന്റെ നിര്‍മ്മാണം സംബന്ധിച്ച് അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com