കൊടകര കുഴൽപ്പണ കവർച്ചാ കേസ്;  തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡന്‍റിനെ ഇന്ന് ചോദ്യം ചെയ്യും

കുന്നംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന അനീഷ്കുമാറിനെതിരെ അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്
കെകെ അനീഷ് കുമാർ/ ഫേയ്സ്ബുക്ക്
കെകെ അനീഷ് കുമാർ/ ഫേയ്സ്ബുക്ക്

തൃശൂർ; കൊടകര കുഴൽപ്പണ കവർച്ചാ കേസ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്. തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ്കുമാറിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പൊലീസ് ക്ലബിൽ ഹാജരാവാനാണ് അന്വേഷണസംഘം നിർദ്ദേശം നല്‍കിയിരിക്കുന്നത്. കുന്നംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന അനീഷ്കുമാറിനെതിരെ അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിനായി നേതാക്കളെ കാറിൽ എത്തിച്ചിരുന്നത് അനീഷ്കുമാർ ആയിരുന്നു. ഏപ്രിൽ രണ്ടിന് രാത്രിയിൽ തൃശ്ശൂരിലെത്തിയതിന്‍റെ തെളിവുകളും ലഭിച്ചു. അതേസമയം, നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൊടകര കേസിൽ കവര്‍ച്ചാ പണം ബിജെപിയുടേത് തന്നെ എന്ന് സ്ഥീരീകരിക്കുന്ന നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ പലവട്ടം ബന്ധപ്പെട്ടതെന്നുമായിരുന്നു ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയുടെ മൊഴി. ധര്‍മ്മരാജന് ബിജെപിയില്‍ യാതൊരു പദവികളുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് ചുമതലകളും ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. തെരഞ്ഞെടുപ്പ് സാമാഗ്രികളുമായല്ല ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിയത്. ധർമ്മരാജനെ നേതാക്കള്‍ ഫോണിൽ ബന്ധപ്പെട്ടത് സംഘടനാ കാര്യകൾ സംസാരിക്കാനല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. 

പണം കൊണ്ടുവന്നത് ബിജെപി തൃശ്ശൂര്‍ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനായിരുന്നു എന്നാണ് ധര്‍മ്മരാജന്‍റെ മൊഴി. ഇതോടെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കി വരികയാണ്. ബിജെപിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും ഏപ്രില്‍ 3, 4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com