കെകെ ശൈലജയുടേത് പാഴ്‌വാക്ക്; നിര്‍ഭയ ഹോം അന്തേവാസികളെ ഒരൊറ്റ ഹോമിലേക്കു മാറ്റുന്നു; പിന്‍മാറാതെ സര്‍ക്കാര്‍

നേരത്തെ, ഇതു സംബന്ധിച്ചു വിവാദം ഉയര്‍ന്നപ്പോള്‍ അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചത്
കെകെ ശൈലജ/ഫയല്‍
കെകെ ശൈലജ/ഫയല്‍

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസുകളിലെ ഇരകളും മുഖ്യസാക്ഷികളുമായ പെണ്‍കുട്ടികളെ തൃശൂരിലെ പുതിയ മോഡല്‍ ഹോമിലേക്കു മാറ്റാന്‍ അന്തിമ തീരുമാനമായി. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മറ്റെല്ലാ നിര്‍ഭയ ഹോമുകളിലുമുള്ളവരെ ഒരൊറ്റ ഹോമിലേക്കു മാറ്റാനുള്ള തീരുമാനത്തില്‍ അന്തേവാസികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്‍പ്പെടെ എതിര്‍പ്പുണ്ട്. ഇങ്ങനെയൊരു തീരുമാനമില്ലെന്നായിരുന്നു നേരത്തെ, ഇതു സംബന്ധിച്ചു വിവാദം ഉയര്‍ന്നപ്പോള്‍ അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടപ്പാക്കാനിരുന്ന മാറ്റം എതിര്‍പ്പു കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു. നിലവിലെ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളില്‍ താമസക്കാരില്‍ നിന്ന് 18 വയസ്സിനു തായെുള്ള സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, മറ്റു കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ എന്നിവരെ തൃശൂര്‍ ഹോമിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് സാമൂഹിക നീതി സെക്രട്ടറി ബിജു പ്രഭാകര്‍ ഇറക്കിയ ഉത്തരവിലെ നിര്‍ദേശം. ഇവരില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവരെ മാത്രം ഈ വര്‍ഷം ഒഴിവാക്കും. മറ്റു ജില്ലകളിലെ ഹോമുകള്‍ പുതുതായി എത്തുന്നവരെ പ്രവേശിപ്പിക്കുന്ന എന്‍ട്രി ഹോമുകളായി തുടരാനാണ് നിര്‍ദേശം. 

എന്‍ട്രി ഹോമുകളില്‍ എത്തുന്ന മനോരോഗ ചികില്‍സയിലുള്ളവരെയും ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരെയും ഡോക്ടറുടെ നിര്‍ദേശപ്രകാരം തൃശൂരിലേക്കു മാറ്റും. ചികില്‍സ കഴിഞ്ഞ് ഇവരെ എന്‍ട്രി ഹോമിലേക്ക് മടക്കും. രാമവര്‍മപുരത്താണ് പുതിയ ഹോം. എന്‍ട്രി ഹോമിലെത്തുന്ന ഗര്‍ഭിണികള്‍,ഗര്‍ഭം അലസിപ്പിക്കലിനു വിധേയരാകുന്നവര്‍, പ്രസവാനന്തര ശുശ്രൂഷ ആവശ്യമുള്ളവരയും ഇന്റഗ്രേറ്റഡ് കെയര്‍  സെന്ററിലേക്കു മാറ്റിത്താമസിപ്പിക്കും. എന്നാല്‍ ഈ സെന്ററുകള്‍  തുടങ്ങാനിരിക്കുന്നതേയുള്ളു എന്നുമുണ്ട് ഉത്തരവില്‍.

സ്വന്തം വീടുകളിലേക്കു തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെയും അതിനു സാധ്യതയുള്ളവരെയും മോഡല്‍ ഹോമിലേക്കു കൊണ്ടുപോകാന്‍ തെരഞ്ഞെടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. പക്ഷേ, കേസ് തീരാതിരിക്കുകയും വീട്ടുകാരുള്‍പ്പെടെ സാക്ഷികളോ ചില കേസുകളില്‍ പ്രതികള്‍ തന്നെയോ ആയിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഇരകളെ എങ്ങനെയാണ് ബാധിക്കുക എന്ന ആശങ്കയുണ്ട്. ഹോമില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ ഏതെങ്കിലുമൊരു തൊഴില്‍ പരിശീലനവും ജീവിത നൈപുണ്യ പരിശീലനവും നേടാന്‍ കഴിയുന്ന ക്രമീകരണം വേണമെന്ന് നിര്‍ദേശമുണ്ട്.

തിരുവനന്തപുരത്തെ രണ്ടു ഹോമുകളും ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ഹോമുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാനും അന്തേവാസികളെ തൃശുര്‍ ഹോമിലേക്കു മാറ്റാനുമാണ് തീരുമാനം എന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ഏഴു ഹോമുകളിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും കുറച്ചു പേര്‍ക്കു വേണമെങ്കില്‍ തൃശൂരിലേക്കു പോകാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തീരുമാനം വിവാദമായതോടെ അങ്ങനെയൊരു തീരുമാനമില്ല എന്നാണു അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ഷൈലജ വിശദീകരിച്ചത്. അതേസമയം, തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ ഉത്തരവിലൂടെ വ്യക്തമാകുന്നത്.

200 പെണ്‍കുട്ടികള്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങളും കളിസ്ഥലങ്ങളും ഓഡിറ്റോറിയവും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളുള്ള ഹോം തൃശൂരിലെ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ആണ് നിര്‍മിച്ചിരിക്കുന്നത്. ഒരുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഉള്‍പ്പെടെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണു താല്‍ക്കാലികമായി പിന്മാറി എന്ന പ്രതീതി വരുത്തിയത്. നിര്‍ഭയ ഹോമുകളുടെ പേര് ഒന്നര വര്‍ഷം മുമ്പാണ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം എന്നാക്കി മാറ്റിയത്. വര്‍ഷത്തില്‍ നാലുതവണ അന്തേവാസികളെ സന്ദര്‍ശിക്കുന്നതിന്  സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള രക്ഷിതാക്കള്‍ക്ക് യാത്രാ ചെലവു നല്‍കും.

വാടക കെട്ടിടങ്ങളിലാണ് സംസ്ഥാനത്തെ ഏതാനും ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത്. അവയുടെ വാടകയും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെ വര്‍ഷത്തില്‍ മുക്കാല്‍ കോടിയോളം രൂപ ലാഭിക്കാനാകും എന്നാണ് ഇതു സംബന്ധിച്ച് വനിതാ ശിശുക്ഷേമ സെക്രട്ടറിക്കു വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ അത് നടപടിക്രമത്തിന്റെ ഭാഗം മാത്രമായ കണക്കെടുപ്പാണ് എന്ന് വകുപ്പു വിശദീകരിക്കുന്നു. പുതുതായി പീഡനക്കേസ് ഇരകളാകുന്ന പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്ന എന്‍ട്രി ഹോമുകളായി മാത്രം  ജില്ലാ ഹോമുകള്‍ നിലനിര്‍ത്തുകയും ക്രമേണ ബാലനീതി നിയമപ്രകാരമുള്ള ഹോമുകള്‍ (ജെ ജെ ഹോമുകള്‍) ആക്കി മാറ്റാനുമാണ് നീക്കം. ഫലത്തില്‍ ഇരകള്‍ക്കുള്ള പ്രത്യേക പരിരക്ഷയ്ക്കു പകരം ഏതൊരു ചില്‍ഡ്രന്‍ ഹോമും പോലെ അനാഥാലായങ്ങളായി മാറും. ജെ ജെ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു അനാഥാലയം ആ പ്രദേശത്ത് ഉണ്ടെങ്കില്‍ അതിക്രമം നേരിട്ട പെണ്‍കുട്ടിയെയും അവിടേക്കു മാറ്റുകയാണു ചെയ്യുക.

നിര്‍ഭയ ഹോം എന്ന പേരില്‍ നിന്നുതന്നെ അവിടുത്തെ അന്തേവാസികളെ ആളുകള്‍ തിരിച്ചറിയും എന്നതുകൊണ്ട് ആ പേരു മാറ്റി വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം എന്നാക്കിയത്. എന്നിട്ടിപ്പോള്‍ അവരെത്തന്നെ കൂട്ടത്തോടെ ഒരു ഹോമില്‍ താമസിപ്പിക്കുമ്പോള്‍, അവിടെ താമസിക്കുന്നവരെല്ലാം ബലാല്‍സംഗം ചെയ്യപ്പെട്ടവരാണ് എന്ന് ആളുകള്‍ തിരിച്ചറിയാന്‍ ഇടയാക്കിയേക്കും. പല ഹോമുകളിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്ന പരാതികള്‍ പതിവായതോടെ അതു പരിഹരിക്കാനാണ് ഈ മാറ്റം എന്നും വനിതാ ശിശുക്ഷേമ വകുപ്പ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com