യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി മലയില്‍ തള്ളി; 200 കേസുകളിലെ പ്രതി, 'അരിങ്ങോടര്‍ ഹരി' ഒടുവില്‍ പിടിയില്‍

സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കൊടകര ഇത്തുപ്പാടം സ്വദേശിയെ വീടുകയറി ആക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചാലക്കുടി: സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കൊടകര ഇത്തുപ്പാടം സ്വദേശിയെ വീടുകയറി ആക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. എറാണുകുളം സ്വദേശി മുടവന്‍പ്ലാക്കല്‍ ഹരിയെയാണു (ഹരികൃഷ്ണന്‍ 50) ഡിവൈഎസ്പി കെ എം. ജിജിമോന്‍ അറസ്റ്റ് ചെയ്തത്.

200 കേസുകളില്‍ പ്രതിയായ ഹരി കേരള, തമിഴ്‌നാട്, കര്‍ണാടക പൊലീസ് സേനകള്‍ക്കു തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയാണ്. പൊലീസ് പിന്തുടരുന്നതു മനസ്സിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പിടിയിലായപ്പോള്‍ ചെങ്ങമനാട് സ്വദേശി മോഹനന്‍ എന്ന വിലാസം നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഹരി ശ്രമിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പു യുവാവിനെ കൊന്നു ചാക്കില്‍ക്കെട്ടി കുതിരാന്‍ മലയില്‍ തള്ളിയതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ആളുകളെ മയക്കി കൊള്ളയടിക്കാന്‍ വിരുതനായതിനാല്‍ അരിങ്ങോടര്‍ ഹരി എന്ന ഇരട്ടപ്പേരുമുണ്ട്.

രണ്ടു പതിറ്റാണ്ട് മുന്‍പു കര്‍ണാടകയിലെ യലഹങ്കയില്‍ യുവാവിനെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊന്നതിനും 2003ല്‍ വെള്ളിക്കുളങ്ങരയില്‍ തോക്കു കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും അതേ വര്‍ഷം പാലക്കാട് നെന്മാറയില്‍ വഴിയാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചതിനും 2004ല്‍ കോയമ്പത്തൂരില്‍ സ്വര്‍ണ വ്യാപാരിയെ കാര്‍ തടഞ്ഞ് ആക്രമിച്ച് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നതിനും ഹരിക്കെതിരെ കേസുണ്ട്.

തമിഴ്‌നാട് വെല്ലൂരില്‍ ഹരിയും കൂടെയുള്ള യുവതിയും ചേര്‍ന്നു ഒരു വീട്ടിലെ മുഴുവന്‍ ആളുകളെയും ഭക്ഷണത്തില്‍ മയക്കു മരുന്നു ചേര്‍ത്ത് നല്‍കി കൊള്ളയടിച്ച കേസും നിലവിലുണ്ട്.  എറണാകുളം, തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ ജ്വല്ലറിയില്‍ മോഷണത്തിനു പദ്ധതിയുണ്ടായിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com