ഭാര്യയുമായുള്ള ബന്ധം ഒഴിയാന്‍ നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ കവര്‍ച്ച;ഒന്നുമറിയാത്തവനെപ്പോലെ നാട്ടുകാര്‍ക്കൊപ്പം ; 10 ഇഞ്ച് ചെരുപ്പില്‍ 'പണി' കിട്ടി

വിദേശത്തു നിന്നും രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ മുഹമ്മദ് ഷാഫി സാമ്പത്തിക ബാധ്യത തീര്‍ക്കുക ലക്ഷ്യമിട്ടാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്
പ്രതി മുഹമ്മദ് ഷാഫി/ ഫയൽ ചിത്രം
പ്രതി മുഹമ്മദ് ഷാഫി/ ഫയൽ ചിത്രം


മലപ്പുറം : മലപ്പുറം കുറ്റിപ്പുറം വെള്ളാമ്പറമ്പില്‍ കുഞ്ഞിപ്പാത്തുമ്മയെന്ന വൃദ്ധയുടെ കൊലപാതകത്തിലെ പ്രതിയെ കുടുക്കിയത് ചെരുപ്പ്. 10 ഇഞ്ച് വലിപ്പമുള്ള ചെരുപ്പ് ഉപയോഗിക്കുന്നവരിലേക്കുള്ള അന്വേഷണമാണ്, 48 മണിക്കൂറിനകം പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ തുണച്ചത്. കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസി കൂടിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. 

വിദേശത്തു നിന്നും രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ മുഹമ്മദ് ഷാഫി സാമ്പത്തിക ബാധ്യത തീര്‍ക്കുക ലക്ഷ്യമിട്ടാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്. ഭാര്യയുമായുള്ള ബന്ധം ഒഴിയുന്നതിന്റെ ഭാഗമായി നല്‍കാനുള്ള നഷ്ടപരിഹാരത്തുക കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

മരിച്ച കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടില്‍ നിന്നും ആറാമത്തെ വീടാണ് ഷാഫിയുടേത്. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന കുഞ്ഞിപ്പാത്തുമ്മയുടെ കൈവശം ലക്ഷങ്ങള്‍ ഉള്ളതായി ഷാഫി മനസ്സിലാക്കി. ഇത് കവര്‍ച്ച ചെയ്യുക ലക്ഷ്യമിട്ടാണ് ഷാഫി വൃദ്ധയുടെ വീട്ടിലെത്തിയത്. 

17-ാം തീയതി സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി വരെ ഷാഫി മദ്യപിച്ചിരുന്നു. പന്ത്രണ്ടരയോടെ സുഹൃത്തുക്കള്‍ പോയതോടെയാണ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടില്‍ എത്തുന്നത്. കുഞ്ഞിപ്പാത്തുമ്മയുടെ മുറിയില്‍ പല പഴ്‌സുകളിലായി മൂന്നര ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും ഏഴുപതിനായിരത്തോളം രൂപയാണ് പ്രതിക്ക് കൈക്കലാക്കാനായത്.

പിറ്റേന്ന് കുഞ്ഞിപ്പാത്തുമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർക്കൊപ്പം ഒന്നുമറിയാത്തവനെ പോലെ ഷാഫിയും ഉണ്ടായിരുന്നു. മാസ്ക് ധരിക്കാതെ എത്തിയ ഇയാൾക്ക് സമീപവാസികൾ മാസ്ക് നൽകുകയും ചെയ്തു. എന്നാൽ പൊലീസ് നായ സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുൻപായി ഷാഫി ബൈക്കിൽ സ്ഥലം വിട്ടു. 

വീട്ടിലെ മുറിയിൽ കണ്ടെത്തിയ 10 ഇഞ്ച് വലുപ്പമുള്ള ചെരുപ്പിന്റ പാടാണ്  അന്വേഷണത്തിൽ നിർണായകമായത്.  രക്തത്തിൽ മുങ്ങിയ കാൽപാടുകളാണ് മുറിയിൽ ഉണ്ടായിരുന്നത്. കുഞ്ഞിപ്പാത്തുമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം പണം മോഷ്ടിക്കാൻ അകത്തു കയറിപ്പോഴാണ് രക്തം കലർന്ന ചെരുപ്പിന്റെ പാടുകൾ മുറിയിൽ പതിഞ്ഞത്. 

ഈ അളവിലുള്ള ചെരുപ്പ് ധരിക്കുന്നവരെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണം മുഹമ്മദ് ഷാഫിയിലേക്കുമെത്തി.  സംഭവദിവസം രാത്രി പ്രദേശത്ത് മദ്യപിച്ച സംഘത്തിലെ 2 പേർ വലിയ ചെരുപ്പാണ് ഉപയോഗിച്ചിരുന്നത്. അതിൽ ഒന്ന് മുഹമ്മദ് ഷാഫിയായിരുന്നു. ഈ ചെരുപ്പ് മുഹമ്മദ്യു ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com