ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം ; ശക്തമായ തെളിവുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

വിസ്മയയുടെ വീട്ടിലെത്തി കിരണ്‍ അക്രമം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐജി പറഞ്ഞു
ഹർഷിത അട്ടല്ലൂരി, വിസ്മയ, കിരൺകുമാർ / ഫയൽ
ഹർഷിത അട്ടല്ലൂരി, വിസ്മയ, കിരൺകുമാർ / ഫയൽ

കൊല്ലം : വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി. 

വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐജി പറഞ്ഞു. 

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐജി പറഞ്ഞു. 

വിസ്മയയുടെ വീട്ടിലെത്തി കിരണ്‍ അക്രമം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐജി വ്യക്തമാക്കി. അന്നത്തെ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസെത്തി ശക്തമായ നടപടിയെടുത്തു. വിസ്മയയുടെ സഹോദരനെയും കിരണ്‍ മര്‍ദ്ദിച്ചിരുന്നു. കുട്ടിയുടെ ജീവിതം തകര്‍ക്കേണ്ടെന്ന് കരുതിയാണ് വീട്ടുകാര്‍ കേസില്‍ നിന്നും പിന്മാറിയതെന്നും ഐജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com