സംസാര ശേഷി നഷ്ടപ്പെട്ടു, കാലും കയ്യും ചലിപ്പിക്കാനാവാത്ത അവസ്ഥ; ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി അജീഷ്, ആശുപത്രിവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 07:32 PM  |  

Last Updated: 24th June 2021 07:35 PM  |   A+A-   |  

ajeesh

അജീഷ് പോള്‍


ഇടുക്കി: മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തലയ്ക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രി വിട്ടു. മറയൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ അജീഷ് പോളാണ് പരിക്ക് ഭേദമായി കൊച്ചിയിലെ ആശുപത്രി വിട്ടത്. ജൂണ്‍ ഒന്നിനാണ് ഡ്യൂട്ടിക്കിടെ അജീഷ് പോളിന് കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മര്‍ദിച്ചത്.  

ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുമ്പോള്‍ സംസാരശേഷിയും വലത് കയ്യുടെയും കാലിന്റെയും ചലനശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. അജീഷിന്റെ ജീവന്‍ നിലനിര്‍ത്തുക എന്നതായിരുന്നു ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ജഗത് ലാല്‍ ഗംഗാധരന്റെ  നേതൃത്വത്തിലുള്ള സംഘം നേരിട്ട ആദ്യ വെല്ലുവിളി. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആക്രമണത്തെ തുടര്‍ന്ന് അജീഷിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു. 

തുടര്‍ന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലനശേഷിയും ഒരു പരിധിവരെ തിരിച്ചു കിട്ടി. തലച്ചോറിനേറ്റ തകരാറ് മൂലം ഓര്‍മ്മയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താന്‍ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോള്‍. ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരും. വ്യവസായ മന്ത്രി പി രാജീവും ആശുപത്രി അധികൃതരും ചേര്‍ന്നാണ് അജീഷ് പോളിനെ യാത്രയാക്കിയത്. എസ്എച്ച്ഒ രതീഷ് നേരത്തെ ആശുപത്രി വിട്ടിരുന്നു.