ആയിഷയ്ക്കെതിരെ രാജ്യദ്രോഹ കേസ് നിലനില്‍ക്കില്ല; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 25th June 2021 12:31 PM |
Last Updated: 25th June 2021 12:31 PM | A+A A- |

ആയിഷ സുല്‍ത്താന/ഫയല്‍ ചിത്രം
കൊച്ചി: ചലച്ചിത്ര സംവിധായക ആയിഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ആയിഷയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ പരാമര്‍ശം.
ആയിഷയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കരുതാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തിന് എതിരെയല്ല, ഭരണകൂടത്തിന് എതിരെയാണ് ആയിഷ സംസാരിച്ചത്. ആയിഷയ്ക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. അവര്‍ നിയമ വ്യവസ്ഥയില്‍നിന്ന് ഒളിച്ചോടുമെന്നു കരുതാനാവില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടു കോടതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപ് ജനതയ്ക്കു നേരെ ജൈവായുധം പ്രയോഗിക്കുകയാണെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത്.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുല്‍ത്താനയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ആയിഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കവരത്തി പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആയിഷയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.
ചോദ്യം ചെയ്യലിന് ആവശ്യമുള്ളപ്പോള്‍ വിളിപ്പിക്കും എന്നു മാത്രമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താന്‍ കൊച്ചിയിലേയ്ക്കു മടങ്ങുകയാണെന്ന് ആയിഷ സുല്‍ത്താന അറിയിച്ചിരുന്നു.