രാത്രി വിനോദയാത്രക്കിടെ കുട്ടി റോഡില്‍ വീണത് കൂടെയുള്ളവര്‍ അറിഞ്ഞില്ല; രക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആദരം, സംഭവം ഇങ്ങനെ

കുടുംബത്തോടൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലേക്ക് വീണ കുട്ടിയെ രക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആദരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം:  കുടുംബത്തോടൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലേക്ക് വീണ കുട്ടിയെ രക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആദരം. പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷിനെ കുട്ടിയുടെ കുടുംബം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പ് ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് 11വയസുള്ള കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. റോഡില്‍ വീണുകിടക്കുന്ന കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയും പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ 4 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയത്.

ഒരാഴ്ച മുന്‍പാണ് പറമ്പില്‍ പീടികയിലുള്ള കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ കുട്ടി റോഡിലേക്കു വീണത്. കൂടെയുള്ളവരാരും കുട്ടി വീണത് അറിഞ്ഞുമില്ല. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷം പൊലീസുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയുടെ കുടുംബം ആദരിച്ചതിന് പുറമേ പ്രജീഷിന് സിഐ ഹണി കെ ദാസ് ഉപഹാരം കൈമാറി. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഒപ്പം പോയ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷിനും കുടുംബം നന്ദി അറിയിച്ചു. വാടകയ്ക്ക് ഓട്ടോ ഓടിക്കുന്ന പ്രജീഷിന് സ്വന്തമായി ഓട്ടോ വാങ്ങാനായി പടിക്കല്‍ ചാലുവളവ് ക്ലബ് പ്രവര്‍ത്തകര്‍ ആദ്യ വിഹിതം കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com