കിഫ്ബിയിൽ ഇഡിയുടെ ചോദ്യംചെയ്യൽ : ഡെപ്യൂട്ടി എംഡി ഇന്ന് ഹാജരാകാൻ നിർദേശം

വിദേശ നാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കൊച്ചി : കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചി 
ഓഫീസിൽ ഹാജരാകണമെന്ന് കാട്ടി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിന്  ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വിദേശ നാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കിഫ്ബി സിഇഒ കെ എം അബ്രഹാമിനോട് നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവിയോടും കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.  കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാൽ വിദേശ നാണയ പരിപാലന നിയമത്തിന്‍റെ ലംഘനം ഉണ്ടായെന്ന് നോട്ടീസിൽ പറയുന്നു.

കിഫ്ബിയുടെ പാർട്ണർ  ബാങ്കാണ് ആക്സിസ് ബാങ്ക്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥാപിതമല്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്കിനെയും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഎഫ്ബിക്കെതിരെ കേസെടുത്ത് ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സർക്കാർ തീരുമാനം.  

രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമർശനത്തിൻറെ തുടർച്ചയാണ് ഇഡി നീക്കമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ സംസ്ഥാനത്ത് നിയമം ലംഘിച്ച് കാര്യങ്ങൾ നടക്കുന്നതിന്‍റെ തെളിവാണ് കിഫ്ബിക്കെതിരായ ഇഡി കേസെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com