'മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണനം' ; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത ; 'ചാണ്ടി ഉമ്മന്‍ തല മറന്ന് എണ്ണ തേക്കുന്നു'
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2021 10:14 AM |
Last Updated: 05th March 2021 10:14 AM | A+A A- |
കത്തോലിക്ക സഭയിലെ ലേഖനം, പിണറായി വിജയന്‍
തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭയിലെ ലേഖനത്തില്‍ വിമര്‍ശിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മുസ്ലിം പ്രീണനം ഇപ്പോള്‍ ഇടതു സര്‍ക്കാരും പിന്തുടരുകയാണ്.
മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും മുഖപത്രത്തിലെ ലേഖനം കുറ്റപ്പെടുത്തുന്നു. കെ ടി ജലീലിലൂടെ എല്‍ഡിഎഫ് നടത്തുന്നത് മുസ്ലീം പ്രീണനമാണ്. അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്.
ഫണ്ട് വിഹിതത്തില്‍ അടക്കം തങ്ങളെ അവഗണിക്കുന്നതിനൊപ്പം മുസ്ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും കൊടുക്കുകയും ചെയ്യുന്നു എന്നും ലേഖനം വിമര്‍ശിക്കുന്നു. ന്യൂനപക്ഷ ക്ഷേമഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണ് ഇതെന്നും അതിരൂപത വിമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്ന യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണെന്നും ലേഖനം അഭിപ്രായപ്പെട്ടു. ഹാഗിയ സോഫിയ പരാമര്‍ശത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ വിവാദ പരാമര്‍ശത്തെയും മുഖപത്രം വിമര്‍ശിക്കുന്നു.
ഹാഗിയ സോഫിയയില്‍ നടന്നത് മുസ്ലിം തീവ്രവാദി ആക്രമണമാണ്. അതിനെതിരെ വഴിവിട്ട ഒരു പരാമര്‍ശം പോലും തങ്ങള്‍ നടത്തിയിട്ടില്ല. ചരിത്രവിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന് ഗുണം ചെയ്യില്ല. ഹാഗിയ സോഫിയ പരാമര്‍ശം തല മറന്ന് എണ്ണ തേയ്ക്കലാണെന്നും പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നും മുഖപത്രം പറയുന്നു.