സിപിഎം പട്ടികയില്‍ മൂന്ന് പേര്‍ക്ക് ഇളവ്?; കൂടുതല്‍ പ്രമുഖര്‍ പുറത്തേക്ക്

കെ രാധാകൃഷ്ണന്‍ മല്‍സരിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ നിര്‍ദേശം ഉയര്‍ന്നു
കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍ / ഫയല്‍ ചിത്രം
കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമായി. രണ്ടു ടേമില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന കര്‍ശന നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതനുസരിച്ച് ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ച നിരവധി പേര്‍ക്ക് അന്തിമ പട്ടികയില്‍ ഇടമുണ്ടായേക്കില്ല. 

മുതിര്‍ന്ന നേതാക്കളില്‍ മൂന്ന് പേര്‍ക്ക് ഇളവു നല്‍കുന്ന കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രക്കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ക്ക് ടേം നിബന്ധനയില്‍ ഇളവ് നല്‍കുന്നതാണ് സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. 

കെ രാധാകൃഷ്ണന്‍ മല്‍സരിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ നിര്‍ദേശം ഉയര്‍ന്നു. എന്നാല്‍ മല്‍സരിക്കാന്‍ വിമുഖത രാധാകൃഷ്ണന്‍ യോഗത്തില്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ രാധാകൃഷ്ണന്‍ മല്‍സരിച്ചേക്കുമെന്നാണ് സൂചന. എ കെ ബാലന്‍ ഒഴിഞ്ഞ തരൂരില്‍ രാധാകൃഷ്ണനെ മല്‍സരിപ്പിക്കാനാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. 

കെ എന്‍ ബാലഗോപാലിനെ കൊട്ടാരക്കരയില്‍ മല്‍സരിപ്പിക്കാനും ആലോചിക്കുന്നു. നിലവിലെ എംഎല്‍എ ഐഷാപോറ്റി രണ്ട ടേം മാനദണ്ഡം കഴിഞ്ഞതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവനെ ഏറ്റുമാനൂര്‍ സീറ്റിലേക്കാണ് പരിഗണിക്കുന്നത്. ഏറ്റുമാനൂരിലെ എംഎല്‍എ സുരേഷ് കുറുപ്പും നിരവധി തവണ മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. 

തോമസ് ഐസക്കിനെയും ജി സുധാകരനെയും മല്‍സരിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ല. തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ പി പി ചിത്തരഞ്ജനെയും ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച് സലാമിനെയുമാണ് പരിഗണിക്കുന്നത്. അരൂരില്‍ ഗായിക ദലീമയെയും സിപിഎം പരിഗണിക്കുന്നു. ഷൊര്‍ണൂരിലെ എംഎല്‍എ പി കെ ശശി, ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി എന്നിവരുടെ പേരുകള്‍ ജില്ലാ കമ്മിറ്റിയുടെ പട്ടികയില്‍ ഉണ്ടെങ്കിലും, ഇവരെ സംസ്ഥാന കമ്മിറ്റി ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com