21 ഇനം ഭക്ഷ്യവസ്തുക്കൾ, ആവശ്യമുള്ളത് ദിവസവും വന്നെടുക്കാം; നാടിനുവേണ്ടി സൗജന്യ സൂപ്പർമാർക്കറ്റുമായി മഹല്ല് കമ്മിറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2021 08:27 AM |
Last Updated: 05th March 2021 08:33 AM | A+A A- |
വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി സൗജന്യ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം/ ഫേയ്സ്ബുക്ക്
മലപ്പുറം; ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കും. ഓരോ ദിവസവും വന്ന് നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എടുക്കാം. ഒരു നാടിന്റെ വിശപ്പു മാറ്റാനായി സൗജന്യ മാർക്കറ്റുമായി മഹല്ല് കമ്മിറ്റി. മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റിയാണ് കലവറ എന്ന സൗജന്യ സൂപ്പർമാർക്കര്റിന് തുടക്കമിട്ടത്.
21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭിക്കുക. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എടുക്കാനാവും. മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്.
കലവറയിലേക്കാവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവർക്കും സാധനങ്ങൾ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നൽകിയാൽ മതി. പ്രദർശിപ്പിച്ച ഫോൺനമ്പറിൽ ബന്ധപ്പെട്ട് സംഭാവന നൽകാം. കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂർണ സ്വാതന്ത്ര്യത്തോടെ പരസ്‌പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിർത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.