പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ കർശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പിലും ​ഗ്രീൻ പ്രോട്ടോക്കോൾ ശക്തമാക്കി ശുചിത്വ മിഷൻ

പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ കർശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പിലും ​ഗ്രീൻ പ്രോട്ടോക്കോൾ ശക്തമാക്കി ശുചിത്വ മിഷൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും  തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നടപ്പിലാക്കിയ  ഹരിത പ്രോട്ടോകോൾ നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമാക്കി ശുചിത്വ മിഷൻ. മാലിന്യരഹിതമായതും ജനങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്താത്തതുമായ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മിഷൻ്റെ പ്രവർത്തനങ്ങൾ. ഓരോ തവണയും ആയിരക്കണക്കിന് ടൺ മാലിന്യമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിങ്ങിനും ശേഷം ബാക്കിയാകുന്നത്. ഇവയുടെ അളവ് പരമാവധി കുറക്കുക എന്നതോടൊപ്പം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യവും ശുചിത്വ മിഷനും ഹരിത കേരളം മിഷനും മുന്നോട്ടു വെക്കുന്നു. 

പിവിസി ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ, പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃ ചംക്രമണം സാധ്യമല്ലാത്ത ബാനർ, ബോർഡുകൾ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. ഇവയുടെ ഉപയോഗം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി പരാതി നൽകാവുന്നതാണ്. ഇവ നീക്കം ചെയ്യുകയും ആയതിന്റെ ചെലവ് അതാതു പാർട്ടികളിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതായിരിക്കും.

100 ശതമാനം കോട്ടൺ ഉപയോഗിച്ച് നിർമ്മിച്ച തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ - പുനഃ ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. ഇത്തരം മെറ്റീരിയൽ പ്രിന്റ് ചെയ്യുമ്പോൾ റീ സൈക്ലബിൾ, പിവിസി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ  പേരും, പ്രിന്റിങ്‌  നമ്പറും നിർബന്ധമായും പ്രചാരണ സാമഗ്രികളിൽ ഉൾപ്പെടുത്തേണ്ടതാണ്. തെരഞ്ഞെടുപ്പ് പര്യടന വേളയിൽ അലങ്കാരങ്ങൾക്കായി പരമ്പരാഗത പ്രകൃതി സൗഹൃദ വസ്തുക്കളായ മുള, ഓല, പനമ്പ്, വാഴയില മുതലായവ പ്രോത്സാഹിപ്പിക്കണം. 

തെരഞ്ഞെടുപ്പിന് ശേഷം ബാക്കിയാകുന്ന മുഴുവൻ പുനഃ ചംക്രമണ - പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികൾ അതാതു രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ സേന മുഖേന  സർക്കാർ കമ്പനിയായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറേണ്ടതാണ്. അലക്ഷ്യമായി വലിച്ചെറിയുകയോ, കത്തിക്കുകയോ, ചെയ്യാൻ പാടുള്ളതല്ല. 

പോളിങ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകാൾ സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ബയോ മെഡിക്കൽ മാലിന്യം പ്രത്യേകം ശേഖരിക്കാനും സംസാരിക്കാനും സംവിധാനം ഒരുക്കേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com