മുഖ്യമന്ത്രിക്ക് അരക്കോടിയിലേറെ രൂപയുടെ സ്വത്ത്, ഭാര്യയ്ക്ക് മൂന്നേകാൽ ലക്ഷത്തിന്റെ സ്വർണം; ആകെ ആസ്തി 86.95 ലക്ഷം രൂപ 

മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്താണുള്ളത്
പിണറായി വിജയൻ/ ഫേസ്ബുക്ക്
പിണറായി വിജയൻ/ ഫേസ്ബുക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്ത്. ധർമടം നിയമസഭാ മണ്ഡലത്തിലേക്ക് സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ഇരുവർക്കുമായി ആകെയുള്ള ആസ്തി 86.95 ലക്ഷം രൂപയുടെ ഭൂസ്വത്താണ്. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്.

ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 2.04 ലക്ഷം രൂപയും ഭാര്യയ്ക്ക് 26.76 ലക്ഷം രൂപയുമുണ്ട്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യക്ക് രണ്ട് ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. പിണറായിയുടെ കൈവശം പണമായി 10,000രൂപയും ഭാര്യയുടെ കൈവശം 2000രൂപയുമാണുള്ളത്. 3,30,000രൂപയുടെ സ്വർണമാണ് ഭാര്യയ്ക്കുള്ളത്. ഇരുവർക്കും സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റു ബാധ്യതകളോ ഇല്ല. 

സുപ്രീം കോടതിയിലുള്ള ലാവ്ലിൻ കേസ് അടക്കം മൂന്ന് കേസുകൾ മുഖ്യമന്ത്രിക്കെതിരെയുണ്ട്. പിണറായി വിജയൻ ടി നന്ദകുമാറിനെതിരെ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അനുബന്ധ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com