മറുപടി അര്‍ഹിക്കുന്നില്ല; സീറ്റ് കിട്ടാത്തതിലുള്ള വികാര പ്രകടനം; ബാലശങ്കറിന് എതിരെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 07:36 PM  |  

Last Updated: 16th March 2021 07:36 PM  |   A+A-   |  

surendran

കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം / ഫെയ്‌സ്ബുക്ക്‌

 

പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയുണ്ടെന്ന് ആരോപണമുന്നയിച്ച ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന് എതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല. ബാലശങ്കര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.


ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ഡീല്‍ ഉണ്ടാവാം എന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞു. 


കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് ബാലശങ്കര്‍ ഉയര്‍ത്തിയത്. ''കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതു വന്ന സ്ഥാനാര്‍ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമര്‍പ്പിക്കാന്‍ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും. ഹെലികോപ്റ്ററില്‍ പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാ്ത്രയെ ചോദ്യം ചെയ്തയാളാണ് പറയുന്നത്''

ഈ നേതൃത്വവുമായാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോവുന്നതെങ്കില്‍ മുപ്പതു കൊല്ലത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്യാങ് മാറാതെ രക്ഷയില്ലെന്നു ബാലശങ്കര്‍ പറഞ്ഞു.