നേമത്തേക്ക് ഓടിയ മുരളി എന്തുകൊണ്ട് ധര്‍മടത്ത് പോയില്ല? വാളയര്‍ കുട്ടികളുടെ അമ്മ വന്നില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എന്തുചെയ്യുമായിരുന്നു?: കെ സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ തനിനിറം വീണ്ടും പുറത്തുവന്നു
കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം/ഫെയ്‌സ്ബുക്ക്‌
കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം/ഫെയ്‌സ്ബുക്ക്‌

പത്തനംതിട്ട: ശബരിമല വിഷയത്തില്‍  നിലപാടില്‍ മാറ്റമില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ തനിനിറം വീണ്ടും പുറത്തുവന്നു. സര്‍ക്കാര്‍ വിശ്വാസികളെ വീണ്ടും വഞ്ചിക്കുന്നതിന്റെ തെളിവാണ് യെച്ചൂരിയുടെ വാക്കുകള്‍ എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കടകംപള്ളി സുരേന്ദ്രനും സംസ്ഥാന സര്‍ക്കാരും വീണ്ടും വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിച്ചു.  ശബരിമലയിലെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നാണ് മുന്‍പ് കടകംപള്ളി പറഞ്ഞത്. വിശ്വാസികളെ വേട്ടയാടിയ ആളുകളാണ് കടകംപള്ളിയും പിണറായി വിജയനും. വിഷയത്തില്‍ മലക്കം മറിഞ്ഞ കടകംപള്ളിയ്ക്ക് മറുപടിയാണ് യെച്ചൂരി പറഞ്ഞത്. സിപിഎമ്മിന്റെ യഥാര്‍ത്ഥ നിലപാടാണ് യെച്ചൂരിയിലൂടെ പുറത്തുവന്നത്. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പത്തില്‍ മായ്ച്ചുകളയാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. 

കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെ സഹായിക്കാനാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് ധാരണ. പിണറായിയെ നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമില്ല. അങ്ങനെയല്ലെങ്കില്‍ നേമത്ത് കാണിച്ച ധൈര്യം ധര്‍മടത്ത് കാണിക്കാത്തതെന്ത് എന്നും അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ധര്‍മടത്ത് ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലാതെ പോയത്. നേമത്തേക്ക് ഓടിയ മുരളീധരന്‍ എന്തുകൊണ്ടാണ് വടകരയ്ക്ക് അടുത്തുള്ള ധര്‍മടത്തേക്ക് പോകാതിരുന്നത്? ബിജെപി ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് പിണറായി വിജയന് എതിരെ രംഗത്തിറക്കിയിരിക്കുന്നത് എന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. 

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വന്നില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എന്തുചെയ്യുമായിരുന്നു എന്നും സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ ശക്തമാണ്. മുരളീധരന്റെ ഉദ്ദേശം പിണറായിയെ രക്ഷിക്കലാണ്. കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും കിട്ടിയതിനെക്കാള്‍ ദയനീയ പരാജയം നേമത്ത് മുരളിയ്ക്ക് കിട്ടും. മൂന്നാം സ്ഥാനത്തേക്ക് പോകും എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രി ജനങ്ങളുടെ നികുതി പണം എടുത്താണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. എന്നാല്‍ താന്‍ പാര്‍ട്ടി ചെലവിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com