നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം : രമേശ് ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 11:36 AM  |  

Last Updated: 18th March 2021 11:36 AM  |   A+A-   |  

ramesh chennithala against vijayaraghavan

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ

 


തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ തെറ്റുപറ്റിയെന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം. അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പന്‍ മറുപടി വേണ്ട. അന്തസുണ്ടെങ്കില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇത് ഈ നാട്ടിലെ ജനങ്ങള്‍ മനസ്സിലാക്കും. ഞങ്ങളാണ് നേമത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ കെ മുരളീധരനെ രംഗത്തിറക്കിയിരിക്കുന്നത്. പുലിമടയില്‍ ചെന്ന് പുലിയെ നേരിടാന്‍ യുഡിഎഫിന് മാത്രമേ കഴിയൂ. കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ചെന്നിത്തല പറഞ്ഞു. 

സിപിഎമ്മിന് അതിന് കഴിയുന്നില്ല. കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്യുന്ന സിപിഎമ്മിനെ ജനങ്ങള്‍ വിശ്വസിക്കില്ല. ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.  

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് അറിയിച്ചു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമലയെപ്പറ്റി വലിയ താല്‍പ്പര്യം പലയാളുകള്‍ക്കും വന്നിട്ടുണ്ട്. അതിന്റെ ഉദ്ദേശം വ്യക്തമാണ്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല കാര്യമായി ഏശിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.