കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 02:02 PM  |  

Last Updated: 18th March 2021 02:16 PM  |   A+A-   |  

skaria thomas

സ്‌കറിയ തോമസ് / ഫയല്‍ ചിത്രം

 

കൊച്ചി : കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്. 

കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.

2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. കെ എം മാണി, പി ജെ ജോസഫ്, പി സി തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് വിട്ടു വന്ന് പി സി തോമസിനൊപ്പം ഐഎഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു.  

പി സി തോമസ് ഇടതുമുന്നണി വിട്ടപ്പോൾ കേരള കോൺ​ഗ്രസ് സ്കറിയാ തോമസ് വിഭാ​ഗം രൂപീകരിച്ച് ഇടതുമുന്നണിയിൽ തുടർന്നു. പിണറായി വിജയനുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവാണ് സ്കറിയ തോമസ്.

നിലവിൽ കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു. അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും സ്കറിയാ തോമസ് വഹിച്ചിട്ടുണ്ട്.