കേരളം ഭരിക്കാന്‍ 'ആളെയിറക്കി' ശീലിച്ച അന്തിക്കാട്; ഇത്തവണ കളത്തിലുള്ളത് അഞ്ചുപേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 11:47 AM  |  

Last Updated: 18th March 2021 11:53 AM  |   A+A-   |  

anthikadu

സ്ഥാനാര്‍ത്ഥികളായ സി സി മുകുന്ദന്‍, കെ രാജന്‍,പി ബാലചന്ദ്രന്‍,സുനില്‍ അന്തിക്കാട്,ജോസ് വള്ളൂര്‍

 

തൃശൂര്‍ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണില്‍ സ്ഥിതി ചെയ്യുന്നൊരു ചെറിയ ഗ്രാമത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് ജനവിധി തേടുന്നത് അഞ്ച് സ്ഥാനാര്‍ത്ഥികളാണ്. കൊലമുറി സമരം, ചെത്തുതൊഴിലാളി സമരം തുടങ്ങി നിരവധി രക്തരൂക്ഷിത സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അന്തിക്കാട് പഞ്ചായത്തില്‍ നിന്നും എല്‍ഡിഎഫിലെ മൂന്നുപേരും യുഡിഎഫിലെ രണ്ടുപേരുമാണ് മത്സരിക്കുന്നത്. 

എല്‍ഡിഎഫിന് വേണ്ടി സിപിഐയിലെ പി ബാലചന്ദ്രന്‍ (തൃശൂര്‍) അഡ്വ. കെ രാജന്‍ (ഒല്ലൂര്‍), സി സി മുകുന്ദന്‍ (നാട്ടിക) എന്നിവരാണ് അന്തിക്കാട്ട് നിന്നും പടയ്ക്കിറങ്ങിയിരിക്കുന്നത്. 

യുഡിഎഫിന് വേണ്ടി സുനില്‍ അന്തിക്കാട് (പുതുക്കാട്) ജോസ് വള്ളൂര്‍ (ഒല്ലൂര്‍) എന്നിവരാണ് പോരാട്ട ഭൂമിയിലുള്ളത്. ഇതില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ രണ്ട് അന്തിക്കാടുകാര്‍ തമ്മില്‍ നേരിട്ട് പോരാടുകയാണ്. ചീഫ് വിപ്പ് കെ രാജനും കോണ്‍ഗ്രസിന്റെ ജോസ് വള്ളൂരും. 

നിയമസഭയിലേക്ക് ആളെയിറക്കി ശീലിച്ചുപോയി!

കേരളം ഭരിക്കാന്‍ തിരുവനന്തപുരത്തേക്ക് ആളെക്കയറ്റി വിട്ട് ശീലിച്ചു പോയി അന്തിക്കാട് ഗ്രാമം!അന്തിക്കാട് കളരിയില്‍ നിന്നെത്തുന്നവര്‍ മന്ത്രിയാകുന്നത് സ്വാഭാവിക പ്രവണതയായി മാറിയിരിക്കുകയാണ്. സിപിഐയുടെ പ്രമുഖ നേതാവിയിരുന്ന കെ പി പ്രഭാകാരനാണ് ഈ പരാമ്പര്യത്തിന്റെ തുടക്കക്കാരന്‍. പി കെ വി മന്ത്രിസഭയില്‍ വൈദ്യുതി-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 

വി എസ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍ കെ പി പ്രഭാകരന്റെ മകനാണ്. ചേര്‍പ്പ്, കൊടുങ്ങുല്ലൂര്‍ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചാണ് ഈ അന്തിക്കാട്ടുകാരന്‍ നിയമസഭയിലെത്തിയത്. വി എം സുധീരനാണ് അന്തിക്കാടു നിന്ന് ഉയര്‍ന്നുവന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്. കെ കരുണാകരന്‍ മന്ത്രിസഭയില്‍ 1985മുതല്‍ 87വരെ സ്പീക്കറായും ആന്റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായും സുധീരന്‍ തിളങ്ങി. 

പിണറായി മന്ത്രിസഭയില്‍ ഏറ്റവും മികച്ച ട്രാക് റെക്കോര്‍ഡുള്ള മന്ത്രി വി എസ് സുനില്‍കുമാറും അന്തിക്കാട്ടുകാരന്‍ തന്നെ. ചേര്‍പ്പ്, കയ്പ്പമംഗലം,തൃശൂര്‍
എന്നിവിടങ്ങളില്‍ നിന്ന് മത്സരിച്ചാണ് അന്തിക്കാട്ടുകാരുടെ സ്വന്തം സുനില്‍കുമാര്‍ നിയമസഭയിലേക്ക് പോയത്. ഒല്ലൂരില്‍ മത്സരിച്ച് വിജയിച്ച കെ രാജന്‍ ചീഫ് വിപ്പായി.