രാജീവിന് സ്വന്തമായി ഭൂമിയും വീടുമില്ല, വാഹനമുണ്ട്; സ്വരാജിനും ഭാര്യയ്ക്കും കാര്‍, ആകെ ആസ്തി 44 ലക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 10:54 AM  |  

Last Updated: 18th March 2021 10:56 AM  |   A+A-   |  

swaraj-rajeev

എം സ്വരാജ്, പി രാജീവ്‌


കൊച്ചി: കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ ആകെ ആസ്തി 20,51,829രൂപ മൂല്യത്തിലുള്ളത്. കൈവശമുള്ളത് ആയിരം രൂപ മാത്രം. ബാങ്ക് അക്കൗണ്ടില്‍ 13,50,079രൂപയും 750രൂപയുടെ ഷെയറും ഉണ്ട്. സ്വന്തം പേരില്‍ ഭൂമിയോ കെട്ടിടമോ ഇല്ല. ബാധ്യത 6,71,748രൂപ. ഏഴു ലക്ഷം രൂപ മൂല്യമുള്ള വാഹനം സ്വന്തം പേരിലുണ്ട്. 

ഭാര്യ വാണി കേസരിക്ക് 90,63,517രൂപ മൂല്യമുള്ള ജംഗമ വസ്തുക്കളുണ്ട്.  കൈവശമുള്ളത് 3000രൂപ. വീടും കൃഷി ഭൂമിയും ഉള്‍പ്പെടെ 2.90കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. മുന്‍ രാജ്യസഭാംഗമെന്ന നിലയിലുള്ള 27,000രൂപ പെന്‍ഷനാണ് പി രാജിവിന്റെ മാസ വരുമാനം. ഭാര്യയ്ക്ക് 1,50,977രൂപയാണ് മാസവരുമാനം. 

തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന്റെ ആകെ ആസ്തി 44,13,822രൂപയാണ്. ഇതില്‍ സ്വരാജിന്റെത് 7,86,323രൂപ. ഭാര്യയുടേത് 36,27,499രൂപ. സ്വരാജിന് 2016 മോഡല്‍ കാറും (വാങ്ങിയപ്പോഴുള്ള വില 7.5ലക്ഷം) ഭാര്യയ്ക്ക് 2013 മോഡല്‍ കാറും (വില 6.14ലക്ഷം) സ്വന്തമായുണ്ട്. 

സ്വരാജിന്റെ കൈവശമുള്ളത് 15,000രൂപ. ഭാര്യയുടെ കൈവശം 20,000. സ്വരാജിന്റെ കൈവശം സ്വര്‍ണമില്ല. ഭാര്യയുടെ കയ്യില്‍ 25പവന്‍ സ്വര്‍ണമുണ്ട്. വില 8,40,200രൂപ.