കേസ് തോറ്റതിന് ശേഷം സര്‍ക്കാരാണ് കുഴപ്പമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?; ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് എതിരെ കാനം

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്റെ മീറ്റ് ദി പ്രസില്‍ നിന്ന്/ഫെയ്‌സ്ബുക്ക്‌
കാനം രാജേന്ദ്രന്റെ മീറ്റ് ദി പ്രസില്‍ നിന്ന്/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യു പെറ്റീഷന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ യു ഡബ്ല്യു ജെ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'എന്‍എസ്എസ് ആണ് ഈ കേസ് നടത്തിയത്. കേസ് തോറ്റുപോയി. തോറ്റതിന് ശേഷം കേരളത്തിലെ സര്‍ക്കാരാണ് കുഴപ്പക്കാരെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? സുപ്രീംകോടതിയില്‍ കേസ് തോറ്റാല്‍ അതിന്റെ നിയമപരമായ കാരണങ്ങള്‍ കണ്ടെത്തുകയല്ലാതെ ജനങ്ങളെ അണിനിരത്തി സര്‍ക്കാരാണ് കുഴപ്പം എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. 

'ഇതില്‍ ഞങ്ങള്‍ എന്തു തെറ്റ് ചെയ്തു? ഇതൊക്കെ കോടതി വിധിയാണ്, അത് നടപ്പിലാക്കുകയാണ് ചെയ്തത്. റിവ്യു പെറ്റീഷന്‍ കോടതി പരിഗണനയിലാണ്. അതിന്റെ വിധി വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാം' എന്നും അദ്ദേഹം പറഞ്ഞു. 

'ശബരിമലയില്‍ 2019ലും 2020ലും എന്തെങ്കിലും പ്രശ്‌നം നടന്നതായി നിങ്ങള്‍ ആരെങ്കിലും കേട്ടിരുന്നോ? വിശ്വാസികള്‍ ദര്‍ശനം നടത്തി. ശബരിമലയില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. 2018ല്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ സുപ്രീം കോടതി വിധി വീണ്ടും പരിശോധിക്കുകയാണ്. അതിന്റെ തീരുമാനം വരാനിരിക്കെ ഇവിടെ ചര്‍ച്ച ചെയ്തിട്ട് എന്തുകാര്യം?'- അദ്ദേഹം ചോദിച്ചു. 

'ഇപ്പോള്‍ ശബരിമലയിലെ പ്രശ്‌നം ഉളളത് ചിലയാളുകളുടെ മനസ്സില്‍ മാത്രമാണ്. അതുകൊണ്ടാണ് വിശ്വാസത്തിന്റെ പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് തെരഞ്ഞെടുപ്പില്‍ വിജയം ഉണ്ടാക്കാന്‍ പറ്റുമോയെന്ന് നോക്കുന്നത്.'

'യുവതീപ്രവേശന കേസില്‍ സിപിഐ കക്ഷി ചേര്‍ന്നിട്ടില്ല. സുപ്രീംകോടതിയില്‍ നിന്നൊരു വിധി വന്നാല്‍ അതിനെ ഞങ്ങള്‍ എങ്ങനെയാണ് കാണേണ്ടത്' എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com