ഇ ശ്രീധരന്‍ നടത്തുന്നത് ജല്‍പ്പനങ്ങള്‍; മറുപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്: പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 10:29 AM  |  

Last Updated: 19th March 2021 10:29 AM  |   A+A-   |  

pinarayi

പിണറായി വിജയന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം

 

തൃശൂര്‍: കേരളത്തിലെ വികസനത്തെക്കുറിച്ചുള്ള ബിജെപി നേതാവ് ഇ ശ്രീധരന്റെ പരാമര്‍ശങ്ങള്‍ ജല്‍പ്പനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന് പറഞ്ഞതിനു തെരഞ്ഞെടുപ്പിനു ശേഷം മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീധരന്‍ രാജ്യത്തെ പ്രധാനപ്പെട്ട ടെക്‌നോക്രാറ്റ് ആണ്. എന്‍ജിനിയറിങ് രംഗത്തെ പ്രധാനപ്പെട്ടയാളാണ് അദ്ദേഹം. എന്നാല്‍ ബിജെപി ആയാല്‍ ഏതു വിദഗ്ധനും ബിജെപിയുടെ സ്വഭാവം കാണിക്കും. ഈ തരത്തിലുള്ള ജല്‍പ്പനങ്ങളാണ് അദ്ദേഹത്തിന്റേത്. അതിനെല്ലാം തെരഞ്ഞെടുപ്പു കഴിഞ്ഞു മറുപടി നല്‍കാം.

ബിജെപി നേതാവ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താന്‍ എന്ന് എംടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്ന് പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു താന്‍. പിന്നെ എങ്ങനെ മറ്റൊരാളുടെ ഇലക്ഷന്‍ ഏജന്റ് ആവുമെന്ന് പിണറായി ചോദിച്ചു. എന്തും വിളിച്ചു പറയാം എന്നതാണ് പലരുടെയും ഇപ്പോഴത്തെ നിലയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ശബരിമലയില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. ഇനി അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയുള്ളത് സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷമാണ്. അതുകൊണ്ടാണ് അപ്പോള്‍ എല്ലാവരുമായും ആലോചിക്കും എന്നു പറഞ്ഞത്. ശബരിമല കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നിട്ടില്ല. പുതിയ സത്യവാങ്മൂലം കൊടുക്കുന്ന കാര്യമെല്ലാം കേസ് വരുമ്പോള്‍ ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.