ഇ ഡിക്കെതിരെ കേസിനു പോകുന്നത് പിണറായിയുടെ കുറ്റബോധംകൊണ്ട്; മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 09:58 PM  |  

Last Updated: 20th March 2021 09:58 PM  |   A+A-   |  

minister v muraleedharan

വി മുരളീധരന്‍ / ഫയല്‍ ചിത്രം

 

കഴക്കൂട്ടം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വന്തം ഓഫീസ് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി മുരളീധരന്‍.

അറബികടല്‍ വില്‍ക്കാന്‍ കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയന്‍. എന്ത് ചോദിച്ചാലും കേന്ദ്ര ഏജന്‍സികള്‍ വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാന്‍ ഉള്ള കാര്യങ്ങള്‍ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകുന്നത്. ശബരിമല സംബന്ധിച്ച്  ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിപ്പറയാന്‍ കടകംപള്ളി തയ്യാറുണ്ടോ എന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് പറയണം. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന സംഘടനയാണ് എന്‍എസ്എസ് ആ എന്‍എസ്എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാനുള്ള ശ്രമം നടക്കില്ല.

കേന്ദ്രം നല്‍കിയ ഭക്ഷ്യകിറ്റുകള്‍ സ്വന്തം പേരിലാക്കി നല്‍കുന്ന അല്‍പ്പന്മാരാണ് കേരളം ഭരിക്കുന്ന ഇടത് മുന്നണി. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മത്സരിക്കുന്നത് എന്‍ഡി.എ ആണ്. മറ്റുള്ള മുന്നണികളുടേത് സൗഹൃദ മത്സരം മാത്രമാണ്. പിണറായി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരെ ദുര്‍ബല എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക വഴി ഡീല്‍ നടന്നത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. പിണറായിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക ലക്ഷ്യം വെക്കാതെ ബിജെപിയെ ലക്ഷ്യം വെക്കുന്നത് കഴക്കൂട്ടമടക്കം പല മണ്ഡലങ്ങളിലും ബിജെപി ജയം ഉറപ്പായതുകൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു.